കൊച്ചി
എറണാകുളം മറൈൻഡ്രൈവ് വൃത്തിയായും സുരക്ഷിതമായും പരിപാലിക്കാൻ നഗരസഭ, ജിസിഡിഎ, പൊലീസ്, സിഎസ്എംഎൽ സംവിധാനങ്ങൾ കൂട്ടായി പരിശ്രമിക്കും. ശുചിത്വവും പരിപാലനവും മെച്ചപ്പെടുത്തുകയും ഇടവേളകളിൽ അവലോകനം നടത്തുകയും ചെയ്യും.
മറൈൻഡ്രൈവ് നടപ്പാതയിലെ എല്ലാ അനധികൃത കച്ചവടങ്ങളും ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കും.
മറൈൻഡ്രൈവ് ഷോപ്പിങ് കോംപ്ലക്സിലെ വിവിധസ്ഥാപനങ്ങളിലെ ജൈവമാലിന്യം സംസ്കരിക്കാൻ അനുയോജ്യമായ സ്ഥലത്ത് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കും. റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി നിലവിലുള്ള സുരക്ഷാസംവിധാനം ശക്തിപ്പെടുത്തും. രാത്രി 10 മുതൽ രാവിലെ അഞ്ചുവരെ മറൈൻഡ്രൈവ് വാക്വേയിലേക്ക് പ്രവേശനം നിരോധിക്കും. ഹരിതമാർഗനിർദേശം നടപ്പാക്കും. ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയെടുക്കും. ബോട്ടുകളിലെ മാലിന്യസംസ്കരണം ചർച്ചചെയ്യാൻ ബോട്ടുടമകളുടെ യോഗം വിളിക്കും. അനധികൃത ബോട്ട് സർവീസുകൾ അവസാനിപ്പിക്കും. വാക്വേയിൽ മാലിന്യം തരംതിരിച്ച് ശേഖരിക്കാൻ കണ്ടെയ്നർ സ്ഥാപിക്കും. ആഴ്ചയിലൊരിക്കൽ മാലിന്യം നഗരസഭ ശേഖരിക്കും. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി പ്രവർത്തനങ്ങൾ വിലയിരുത്തും. നിരീക്ഷണ കാമറകളും വെളിച്ചസംവിധാനങ്ങളും ഉറപ്പുവരുത്തും. സിസിടിവി കാമറയിലെ ദൃശ്യങ്ങൾ നിരീക്ഷിക്കും. ഐഇസി, സാനി കിയോസ്ക്, ശുചിമുറികൾ, ബോട്ടിൽ ബൂത്ത്, ശുചിത്വ ബോധവൽക്കരണം, ഗ്രീൻ പ്രോട്ടോകോൾ സംവിധാനങ്ങളുടെ പുരോഗതി വിലയിരുത്തും.
പരിപാലനത്തിലൂടെ മറൈൻഡ്രൈവിനെ മനോഹരമായി നിലനിർത്തുമെന്ന് മേയർ എം അനിൽകുമാർ അറിയിച്ചു.
മേയറുടെയും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ളയുടെയും നേതൃത്വത്തിൽ മറൈൻഡ്രൈവ് ഷോപ്പിങ് കോംപ്ലക്സിലെ ജിസിഡിഎ ഓഫീസിൽ ചേർന്ന യോഗം സ്വീകരിക്കേണ്ട നടപടി ചർച്ചചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്റഫ്, കൗൺസിലർമാരായ മനു ജേക്കബ്, മിനി ദിലീപ്, സിഎസ്എംഎൽ സിഇഒ ഷാജി വി നായർ, ഡിസിപി എസ് ശശിധരൻ, നഗരസഭ അഡീഷണൽ സെക്രട്ടറി വി പി ഷിബു, ജിസിഡിഎ സെക്രട്ടറി ടി എൻ രാജേഷ്, ശുചിത്വമിഷൻ കോ–-ഓർഡിനേറ്റർ അമീർ ഷാ, വ്യാപാരി പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.