ന്യൂഡൽഹി
ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാർക്കും നേതാക്കൾക്കുമെതിരെ കേസെടുത്ത് പുകമറ സൃഷ്ടിക്കുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി) മുഖ്യവിനോദം. തോന്നിയപോലെ കേസെടുക്കുന്നതും റെയ്ഡും അറസ്റ്റും നടത്തി വാർത്ത സൃഷ്ടിക്കുന്നതും ഇഡി പതിവാക്കിയിട്ടുണ്ട്.
ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ദ് സോറനെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കേസുകളുമായാണ് ഇഡി മുന്നോട്ടുപോകുന്നത്. രാഷ്ട്രീയ പകപോക്കലാണ് കേസുകൾക്ക് പിന്നിലെന്നാണ് ഹേമന്ദ് സോറന്റെ നിലപാട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ടിന്റെ പിന്നാലെയും ഇഡിയുണ്ട്. വൈഭവുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.
പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും എംപിയുമായ അഭിഷേക്ബാനർജിക്ക് എതിരെയാണ് ഇഡിയുടെ നീക്കം. സ്കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതിയിൽ അഭിഷേകിനെ ഇഡി പലവട്ടം ചോദ്യംചെയ്തു കഴിഞ്ഞു.
കള്ളപ്പണം വെളുപ്പിക്കുന്ന കമ്പനികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡൽഹി ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദർ ജെയിനിനെ കഴിഞ്ഞവർഷം ഇഡി അറസ്റ്റ് ചെയ്തിരുന്നു. മദ്യനയഅഴിമതിക്കേസിൽ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെയും ഇഡി അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ ജോലി നൽകാൻ കോഴ വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ മന്ത്രി സെന്തിൽ ബാലാജിയോട് ‘നിങ്ങൾ ബിജെപിയിൽ ചേരാത്തത് എന്തുകൊണ്ടാണെന്ന്’–- ഇഡി ഉദ്യോഗസ്ഥർ ചോദിച്ചെന്ന് മുതിർന്ന അഭിഭാഷകൻ കപിൽസിബൽ ചെന്നൈ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാരിനെ വീഴ്ത്തിയ ഏക്നാഥ് ഷിൻഡെ വിഭാഗക്കാരായ മിക്ക എംഎൽഎമാർക്കുമെതിരെ ഇഡി കേസെടുത്തു. ഏക്നാഥ് ഷിൻഡെ വിഭാഗവും ബിജെപിയും കൈകോർത്ത് സർക്കാർ രൂപീകരിച്ചതോടെ കേസെല്ലാം തേച്ചുമായ്ച്ചു.