മറയൂർ > ചരിത്രമുറങ്ങുന്ന നാടിന്റെ നേർക്കാഴ്ചകളിലേക്ക് ക്യാമറ തിരിക്കുകയാണ് റിട്ടയേർഡ് അധ്യാപിക ഡോ. എ മീര. മറയൂർ ഗവ. ഹൈസ്കൂളിൽനിന്ന് വിരമിച്ചശേഷം നാടിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് “മറയില്ലാതെ മറയൂർ’ എന്ന ഹ്രസ്വചിത്രത്തിലൂടെ. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മീര തന്നെ. ഭർത്താവായ റിട്ട. പ്രൊഫ. വി പി മാർക്കോസാണ് നിർമാണ നിർവഹണം.
സംവിധായിക ഡോ. എ മീര
കഴിഞ്ഞ മാർച്ചിലാണ് മീര സ്കൂളിൽനിന്ന് വിരമിച്ചത്. തുടർന്ന് ഡോക്യുമെന്ററിയുടെ അവസാനഘട്ട പണിപ്പുരയിലായിരുന്നു. മറയൂരെന്നാൽ മറയ്ക്കപ്പെട്ട ഊര്, മറഞ്ഞിരിക്കുന്ന നാട്, വേദങ്ങളുടെ ഊര് എന്നിങ്ങനെ പല വ്യാഖ്യാനങ്ങളുണ്ട്. മറയൂരിന്റെ ചരിത്രരേഖകൾ കണ്ടെത്തി കൂടുതൽ തെളിമയോടെ, ചാരുതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്. മറയൂന്റെ ഐതിഹ്യങ്ങൾ, ആദിവാസി ഗോത്ര സമൂഹത്തിന്റെ സാംസ്കാരിക സവിശേഷതകൾ, മറയൂർ ചന്ദനം, ശർക്കര, മുനിയറകൾ ഇവയെല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയപ്പോൾ ഹൃസ്വ ചിത്രത്തിന് 45 മിനിറ്റ് ദൈർഘ്യമായി.
ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂർ സ്കൂളിൽ ജോലി ചെയ്യവേ ഭർത്താവുമായി മറയൂരിൽ വർഷങ്ങൾക്കുമുമ്പ് വിനോദസഞ്ചാരിയായി എത്തിയപ്പോഴാണ് മറയൂരിനോട് ഇഷ്ടംകൂടിയത്. പിന്നീട് മറയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റം ചോദിച്ചുവാങ്ങി. സ്കൂളിന്റെ എല്ലാവികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. വിരമിച്ചശേഷവും മറയൂരിൽ തന്നെ താതസിച്ചാണ് ചിത്രം പൂർത്തിയാക്കിയത്. ഒരു വർഷത്തെ പരിശ്രമം വേണ്ടിവന്നു.
ഛായാഗ്രഹണം അജിത്ത് വിഷ്ണുവും എഡിറ്റിങ് ടൈറ്റസ് ജോസഫും സംഗീതം സാബിർ മദാറും ശബ്ദമിശ്രണം രാകേഷ് ജനാർദനനുമാണ് നിർവഹിച്ചിരിക്കുന്നത്. സജു കോച്ചേരി ടൈറ്റിൽസും, സഹസംവിധാനം – എസ് ദേവനന്ദന്ദുമാണ് നിർവഹിച്ചത്. പ്രകാശനം കവി അശോകൻ മറയൂർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെൻട്രി പങ്കെടുത്തു.
ചിത്രം: