തിരുവനന്തപുരം> പ്രായാധിക്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം മൃഗശാലയിലെ ആയുഷ് എന്ന ആൺസിംഹം ചത്തു. ചൊവ്വ പുലർച്ചെ നാലോടെയാണ് 23 വയസ്സുള്ള സിംഹം ചത്തത്. നടക്കാൻ കഴിയാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിട്ടതിനാൽ കഴിഞ്ഞ മൂന്നുവർഷമായി മൃഗശാല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുമ്പ് നാലു തവണ ഗുരുതരാവസ്ഥയിലായി തിരിച്ചുവന്നിരുന്നു. രണ്ടുമാസം മുമ്പ് ഗർജിക്കാൻ കഴിയാത്ത സ്ഥിതിയിലേക്കും ഒരാഴ്ചയായി സ്വന്തമായി ഭക്ഷണം കഴിക്കാൻ കഴിയാത്ത സ്ഥിതിയിലേക്കും മാറിയിരുന്നു.
ചെന്നൈ വണ്ടലൂർ മൃഗശാലയിൽനിന്ന് 2003 ഏപ്രിലിലാണ് ആയുഷിനെ തിരുവനന്തപുരത്ത് എത്തിച്ചത്. നിലവിൽ ഗ്രേസി, നൈല എന്നീ രണ്ട് പെൺസിംഹങ്ങളും ലിയോ എന്ന ആൺസിംഹവുമാണ് മൃഗശാലയിലുള്ളത്. ആയുഷിന്റെ മകളാണ് പത്തു വയസ്സുകാരി ഗ്രേസി. ഗ്രേസിയുടെ അമ്മ റോസി പ്രസവത്തോടെ മരണപ്പെട്ടിരുന്നു. നൈലയും ലിയോയും അടുത്തിടെ തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന സിംഹങ്ങളാണ്.
സാധാരണ 17 വയസ്സുവരെയാണ് സിംഹങ്ങളുടെ ആയുസ്സെന്ന് മൃഗശാലയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ജേക്കബ് അലക്സാണ്ടർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വ പകൽ രണ്ടോടെ പ്രോട്ടോക്കോൾ പ്രകാരം സിംഹത്തെ മൃഗശാലയിൽ സംസ്കരിച്ചു.