കൊച്ചി
കടുത്ത വംശനാശഭീഷണി നേരിടുന്ന തനത് ഇന്ത്യൻ അലങ്കാരമീൻ ‘ഇൻഡിഗോ ബാർബി’ന്റെ കൃത്രിമ പ്രജനന സാങ്കേതികവിദ്യ വികസിപ്പിച്ച് കുഫോസ് ശാസ്ത്രജ്ഞർ. ഗോവയിലും കർണാടകത്തിലും കന്യാവനങ്ങളിലെ (വിർജിൻ ഫോറസ്റ്റ്) തെളിനീരിൽ കണ്ടിരുന്ന പരൽ ഇനത്തിൽപ്പെട്ട അപൂർവ മീനാണ് ഇൻഡിഗോ ബാർബ്. അന്താരാഷ്ട്ര അലങ്കാരമീൻവിപണിയിൽ ഏകദേശം 260 രൂപ (മൂന്ന് ഡോളർ) വില ലഭിക്കുന്ന ഇൻഡിഗോ ബാർബിനെ വൻതോതിൽ കയറ്റുമതി ചെയ്തതോടെയാണ് വംശനാശത്തിന്റെ വക്കിലെത്തിയത്.
ഗോവയിലെ കേന്ദ്ര തീരദേശ കാർഷിക ഗവേഷണകേന്ദ്രവും (സിസിഎആർഐ) കുഫോസും ചേർന്ന് നടത്തിയ രണ്ടുവർഷത്തെ ഗവേഷണപദ്ധതിയാണ് വിജയംകണ്ടത്. ഡോ. അൻവർ അലിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഇൻഡിഗോ ബാർബിന്റെ കൃത്രിമ പ്രജനന സാങ്കേതികവിദ്യ വികസിപ്പിച്ചത്. കൃത്രിമ ടാങ്കുകളിൽ 80 ദിവസംകൊണ്ട് കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് വിപണിയിലെത്തിക്കാൻ കഴിയുംവിധമാണ് കൃത്രിമ പ്രജനന സാങ്കേതികവിദ്യ ക്രമപ്പെടുത്തിയതെന്ന് ഡോ. അൻവർ അലി പറഞ്ഞു.
ഗോവയിലെ കന്യാവനങ്ങളിലെ നീർച്ചാലുകളിൽ മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയ മാതൃമത്സ്യങ്ങളെ കുഫോസിലെ ഹാച്ചറിയിലെത്തിച്ച് നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് പ്രജനന സാങ്കേതികവിദ്യ വികസിപ്പിച്ചത്. കൃത്രിമ പ്രജനന സാങ്കേതികവിദ്യയിലൂടെ ഉൽപ്പാദിപ്പിച്ച മീൻകുഞ്ഞുങ്ങളെ കുഫോസിൽ നടന്ന ചടങ്ങിൽ ഡോ. ഡെയ്സി കാപ്പൻ ഡോ. പ്രവീൺകുമാറിന് കൈമാറി.