തിരുവനന്തപുരം
നവകേരള നിർമിതിയിൽ എംഎൽഎമാർക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സാമാജികർക്കുള്ള ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാനടപടികളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയമസഭയുടെ പ്രവർത്തനം. ഇത് കൃത്യമായി മനസ്സിലാക്കിയാൽ കാര്യക്ഷമമായും ആധികാരികതയോടെയും ഇടപെടാൻ അംഗങ്ങൾക്കാകും. കൃത്യമായ ഗൃഹപാഠത്തിന്റെ അടിസ്ഥാനത്തിലാകണം സഭയിലെ ഇടപെടൽ.
നിയമസഭയ്ക്കകത്ത് സീമകൾ ലംഘിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധ പുലർത്തണം. പൊതുവേയുള്ള സൗഹൃദാന്തരീക്ഷം ചില ഘട്ടങ്ങളിൽ തകരുന്നത് ഗുണകരമല്ല. വ്യത്യസ്തമായ വീക്ഷണങ്ങൾ ശക്തമായി അവതരിപ്പിക്കുമ്പോഴും നമ്മുടേതായ നിയന്ത്രണമുണ്ടാകണം. അവരവർക്ക് ബോധ്യമല്ലാത്ത കാര്യങ്ങൾ അവതരിപ്പിക്കുന്നത് മാതൃകാപരമല്ല. വിഷയങ്ങളിൽ ഇടപെട്ട് തിരുത്തൽ ശക്തിയായി പ്രവർത്തിക്കാൻ സഭാ സമിതികൾക്കാകും. സഭാ സമിതികളിലെ പങ്കാളിത്തം ഏറെ പ്രധാനമാണ്. സമിതി മുമ്പാകെ വരുന്ന വിഷയങ്ങൾ പഠിക്കാനും ഇടപെട്ട് തീരുമാനമെടുക്കാനും ജാഗ്രതയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭയിൽ എങ്ങനെ ഇടപെടണമെന്നത് സംബന്ധിച്ച് സാമാജികർക്ക് പരിശീലനം അനിവാര്യമാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഗവ. ചീഫ് വിപ്പ് എൻ ജയരാജ്, മോൻസ് ജോസഫ് എംഎൽഎ, നിയമസഭാ സെക്രട്ടറി എ എം ബഷീർ എന്നിവർ സംസാരിച്ചു. പരിശീലനം ബുധനാഴ്ച സമാപിക്കും.