മുംബൈ
ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ സഞ്ജു സാംസണെ തഴഞ്ഞതിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം ഇർഫാൻ പഠാൻ. ‘ഞാനായിരുന്നു സഞ്ജുവിന്റെ സ്ഥാനത്തെങ്കിൽ ഇപ്പോൾ കടുത്ത നിരാശയിലാകുമായിരുന്നു’ എന്ന് പഠാൻ ട്വിറ്ററിൽ (എക്–സ്) കുറിച്ചു. ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുശേഷമായിരുന്നു പഠാന്റെ പ്രതികരണം. അതേസമയം, സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ സഞ്ജു പരോക്ഷമായി നിരാശ പങ്കുവച്ചു. ‘ഇത് ഇങ്ങനെ തന്നെയാണ്. മുന്നോട്ടുപോകാനാണ് തീരുമാനം’ എന്നായിരുന്നു ഇന്ത്യൻ ജേഴ്സിയിൽ ബാറ്റ് ചെയ്യുന്ന ചിത്രത്തിനൊപ്പം സഞ്ജു കുറിപ്പിട്ടത്.
ലോകകപ്പിനുമുമ്പുള്ള അവസാന പരമ്പരയാണ് ഓസീസിനെതിരെയുള്ളത്. ആദ്യ രണ്ട് കളിയിൽ മുൻനിര കളിക്കാർക്ക് വിശ്രമം നൽകുകയും ചെയ്തു. ഏഷ്യാകപ്പ് ടീമിലുണ്ടായിരുന്ന തിലക് വർമയെ നിലനിർത്തിയ സെലക്ടർമാർ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദിനെയും ഉൾപ്പെടുത്തി. ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ഏഷ്യാകപ്പ് ടീമുകൾക്കുപുറമെ ഏഷ്യൻ ഗെയിംസിനുള്ള രണ്ടാംനിര ടീമിൽപ്പോലും സഞ്ജുവിനെ പരിഗണിച്ചില്ല. ഇപ്പോൾ ഓസീസുമായുള്ള ആദ്യ രണ്ട് ഏകദിനത്തിനുള്ള ടീമിലും ഇടംകണ്ടില്ല. ഏഷ്യാകപ്പിൽ പകരക്കാരന്റെ വേഷമായിരുന്നു. കെ എൽ രാഹുൽ എത്തിയപ്പോൾ നാട്ടിലേക്ക് മടങ്ങി. ബിസിസിഐയുടെ ഭാവിപദ്ധതികളിൽ സഞ്ജുവിന് സ്ഥാനമില്ലെന്ന സൂചനകൂടിയാണ് ടീം മാനേജ്മെന്റ് നൽകിയത്.
ഇന്ത്യക്കായി കളിച്ച അവസാന ഏകദിനത്തിൽ 41 പന്തിൽ 51 റണ്ണാണ് മലയാളിതാരം അടിച്ചുകൂട്ടിയത്. അവസാനമായി കളിച്ച ട്വന്റി 20യിൽ 26 പന്തിൽ 40ഉം. ഏകദിനത്തിൽ 13 കളിയിൽ 55.71 ശരാശരിയിൽ 390 റണ്ണാണ് സമ്പാദ്യം. മൂന്ന് അരസെഞ്ചുറികളും ഉൾപ്പെടും. നിലവിൽ ലോകകപ്പ് ടീമിലുള്ള സൂര്യകുമാർ യാദവിന് 27 കളിയിൽ 24.40 ശരാശരിയിൽ 537 റണ്ണും. ഏഷ്യാകപ്പിൽ അരങ്ങേറിയ തിലക് ആകെ കളിച്ചത് ഒരുമത്സരംമാത്രം. ഋതുരാജ് ഇതുവരെ കളിച്ചത് രണ്ട് കളി.