തിരുവനന്തപുരം> സോളാർ കേസിലെ തുടരന്വേഷണത്തിൽ എം എം ഹസ്സന് ക്ലാരിറ്റി കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെയും കോൺഗ്രസിന്റെയും തീരുമാനം ഒന്നാണ്. സംസ്ഥാന സർക്കാർ അന്വേഷണം വേണ്ട എന്നതാണ് നിലപാട്. യുഡിഎഫ് യോഗത്തിന് ശേഷം കൺവീനർ മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ചെറിയ ക്ലാരിറ്റി കുറവുണ്ടായി. ഇത് അദ്ദേഹം തന്നെ പിന്നീട് തിരുത്തി.
മന്ത്രി കെ രാധാകൃഷ്ണന് നേരെയുണ്ടായ ജാതി വിവേചനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണം. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് മന്ത്രി നടത്തിയിരിക്കുന്നത്. കേരളത്തിൽ ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലാത്തതാണിത്. വൈക്കം സത്യാഗ്രഹത്തിന്റെ നൂറ് വർഷം ആഘോഷിക്കുന്നതിനിടെ ഇത്തരം സംഭവമുണ്ടാകുന്നത് നാണക്കേടാണ്. കോൺഗ്രസ് സമരങ്ങൾ നടത്തുമ്പോൾ പൊലീസ് ഏർപ്പെടുത്തിയ ഫീസ് കെട്ടിവെക്കില്ലെന്നും സതീശൻ പറഞ്ഞു.