തിരുവനന്തപുരം > കേരളത്തിൻ്റെ സാമൂഹ്യമനസ്സിൽ അവിടവിടയായി ജാതി അസ്പൃശ്യതയും മതവിവേചനവും രൂപപ്പെട്ടു വരുന്നതിനെ ജാഗ്രതയോടെ കാണണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.
“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാന”മായ കേരളത്തെതകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണ് ഇത്. ജീർണ്ണമായ ജാത്യാഭിമാനവും മതദ്വേഷവും സാമൂഹ്യ മനസ്സിൽ നിന്ന് ഒഴിഞ്ഞു പോയതായി മലയാളി അഭിമാനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ മറ്റു ചില സംസ്ഥാനങ്ങളിലെന്നപോലെ കൊടിയ ദലിത് പീഡനങ്ങളും മത വിദ്വേഷങ്ങളും, കേരളത്തിൽ നടക്കാത്തത്. നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങളുടെ ദീർഘമായ ഇടപെടലുകളും, ത്യാഗനിർഭരങ്ങളുമായ സമർപ്പണങ്ങളും, മുന്നേറ്റങ്ങളുമാണ് മത ജാതി വിവേചനങ്ങളില്ലാത്ത കേരളീയ മനസ്സ് സൃഷ്ടിച്ചത്.
ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പുറത്തു പറഞ്ഞ അനുഭവം കേരളം തിരിഞ്ഞു നടക്കുകയാണ് എന്ന ആശങ്ക പങ്കുവെക്കുന്നുണ്ട്. മനുഷ്യ തുല്യതക്കെതിരെ വെറുപ്പിൻ്റെയും, അകൽച്ചയുടെയും പ്രത്യയശാസ്ത്രം മലയാളി മനസ്സിലെത്തിക്കാൻ കൂടി വർഗീയ ശക്തികൾ ഗൂഡ പരിശ്രമം നടത്തുന്നതിൻ്റെ പ്രതിഫലനവും അടയാളവുമാണിത്. മന്ത്രി കെ രാധാകൃഷ്ണനു നേരെ നടന്ന ജീർണ്ണവും യാഥാസ്ഥിതികവുമായ ഇടപെടലിൽ പുരോഗമന കലാസാഹിത്യ സംഘം പ്രതിഷേധിക്കുന്നു.
ജാതിവിവേചനത്തിൻ്റെയും മതവിദ്വേഷത്തിൻ്റെയും കേരളമുണ്ടാക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണം. സാഹോദര്യത്തിനേൽക്കുന്ന
ആഘാതങ്ങളെല്ലാം വർഗീയ മനസ്സ് വളരാനള്ള വളങ്ങളാണെന്ന് തിരിച്ചറിയണം. ജീവിതത്തിൻ്റെ സകല ഇടങ്ങളിലും മനുഷ്യതുല്യതയുടെ സ്നേഹോഷ്മളത ഉണ്ടാക്കിയെടുക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം അഭ്യർത്ഥിക്കുന്നു.