തിരുവനന്തപുരം > മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നടൻ അലൻസിയറിനെതിരെ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തെ സംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലൻസിയർ പരാമർശം നടത്തിയത്. അവാർഡ് സ്വീകരിച്ച ശേഷം പുരസ്കാരമായി പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് നിറഞ്ഞ സദസിനു മുമ്പാകെ അലൻസിയർ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും സതീദേവി പറഞ്ഞു. വിയോജിപ്പുണ്ടെങ്കിൽ അവാർഡ് സ്വീകരിക്കരുതായിരുന്നു. അവാർഡ് സ്വീകരിച്ച ശേഷം ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത് ഉചിതമായില്ല.
ഇതിനു ശേഷം പരാമർശം തിരുത്തുമെന്നു കരുതിയെങ്കിലും പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവർത്തകയോടും തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലൻസിയർ സംസാരിച്ചത്. ചാനൽ പ്രവർത്തകയായ പെൺകുട്ടിയെ ഇത്തരത്തിൽ അവഹേളിച്ചു കൊണ്ട് സംസാരിച്ചതിനെതിരെ നൽകിയ പരാതിയിൽ അലൻസിയറിനെതിരെ തിരുവനന്തപുരം റൂറൽ എസ്പി കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വനിത കമീഷൻ ഇതു സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടതായും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.