അഞ്ചൽ > രാജ്യത്ത് പത്ത് കോടി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന മോദി സർക്കാർ രണ്ട് കോടി തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുകയാണ് ചെയ്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ പറഞ്ഞു. അർഹമായ സാമ്പത്തിക വിഹിതം നൽകാതെ സംസ്ഥാനത്തെ ഞെക്കിക്കൊല്ലാനുള്ള കേന്ദ്ര സർക്കാരിനെതിരെ അഞ്ചലിൽ സിപിഐ എം സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
റെയിൽവേയിൽ ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന പത്ത് ലക്ഷം തൊഴിൽ അവസരങ്ങൾ നികത്താനും നടപടിയില്ല. പൊതുമേഖലയെ ഇല്ലാതാക്കി സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കുന്ന നയമാണ് ബിജെപി സർക്കാർ നടപ്പാക്കുന്നത്. രാജ്യത്തിന് മുതൽക്കൂട്ടായ കേരളത്തിലെ നാണ്യവിളകളെ സംരക്ഷിക്കാനും അവർ ഒരുക്കമല്ല. ആഗോളവൽക്കരണത്തിന്റെ ഭാഗമായ ഗാട്ട് കരാർ ഉൾപ്പെടെയാണ് നാണ്യവിളകളുടെ വിലത്തകർച്ചയ്ക്ക് കാരണം. കേന്ദ്രത്തിന്റെ ഇറക്കുമതി നയവും തിരിച്ചടിയായതോടെ ഗ്രാമീണമേഖലയിൽ കാർഷിക മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ഐടി മേഖലയെയും ദുർബലപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. വിലക്കയറ്റം ഗ്രാമീണമേഖലയിൽ അതിരൂക്ഷമാണ്. പൊതുവിതരണത്തെ സഹായിക്കുന്നതിന് പകരം ദ്രോഹിക്കുന്ന നിലപാടാണ് മോദി സർക്കാരിന്റേത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഓയിൽക്കമ്പനികൾ തോന്നുംപോലെ വർധിപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ ഇതിന് കൂട്ടുനിന്ന് ജനങ്ങളെ ദ്രോഹിക്കുന്നു.
സംസ്ഥാന സർക്കാർ പിഎസ്സി വഴി മൂന്നുലക്ഷം പേർക്കാണ് തൊഴിൽ അവസരം സൃഷ്ടിച്ചത്. കൂടാതെ സ്റ്റാർട്ടപ്പുകൾ വഴിയും വ്യവസായ സംരംഭങ്ങളിലൂടെയും പുതിയ തൊഴിൽ സൃഷ്ടിച്ചു. പശ്ചാത്തല സൗകര്യവികസനം ഉൾപ്പെടെ നാടിന്റെ നന്മയ്ക്കായാണ് എൽഡിഎഫ് സർക്കാർ നിലകൊള്ളുന്നത്. എന്നാൽ കേരളത്തെ സഹായിക്കുന്നതിന് പകരം സാമ്പത്തികമായി ഞെക്കിക്കൊല്ലാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരായ മോദി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കൽ ജനങ്ങാേളടുള്ള വെല്ലുവിളിയാണെന്നും കേന്ദ്രം തരേണ്ട അർഹമായ സാമ്പത്തിക വിഹിതം നാടിനും ജനങ്ങൾക്കുമുള്ളതാണെന്നും പുത്തലത്ത് ദിനേശൻ പറഞ്ഞു.
അഞ്ചലിൽ സിപിഐ എം സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്മയിൻ നിന്ന്