തിരുവനന്തപുരം > കേരളം സംരംഭക സൗഹൃദ സംസ്ഥാനമായി മാറുമ്പോൾ അംഗീകരിച്ചില്ലെങ്കിലും വേട്ടയാടാതിരിക്കാനുള്ള സാമാന്യമര്യാദ മലയാള മനോരമയ്ക്ക് കാണിച്ചുകൂടെയെന്ന് മന്ത്രി പി രാജീവ്. സംരംഭക വർഷം പദ്ധതിയിലൂടെ ആരംഭിച്ച സംരംഭങ്ങളുടെ ഏകദേശം 15 ശതമാനം പൂട്ടിപ്പോകുന്നു എന്നാണ് മനോരമ പറയുന്നത്. കേന്ദ്രത്തിലെ അടച്ചുപൂട്ടൽ ശരാശരി 30 ശതമാനം ഉള്ളപ്പോൾ ഇത്തരത്തിൽ വാർത്ത കൊടുക്കുന്നത് നിന്ദ്യമായ പ്രവൃത്തിയാണെന്നും പി രാജീവ് പറഞ്ഞു.
പി രാജീവിന്റെ കുറിപ്പ്:
2023 ഫെബ്രുവരി 21ന് നടത്തിയ പത്രസമ്മേളനത്തിൽ മനോരമ ന്യൂസ് ലേഖകൻ്റെ ചോദ്യത്തിനുള്ള മറുപടിയിലെ ഒരു ഭാഗത്ത് നമ്മുടെ രാജ്യത്ത് ഒരു വർഷം ആരംഭിക്കുന്ന സംരംഭങ്ങളുടെ 30 ശതമാനം പൂട്ടിപ്പോകാറുണ്ടെന്നും കേരളത്തിലും സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ചില സംരംഭങ്ങൾ പൂട്ടിപ്പോകുമെന്നും ഞാൻ പറഞ്ഞിരുന്നു. മനോരമ ന്യൂസിന് തീർച്ചയായും വരും മാസങ്ങളിൽ ചെയ്യാൻ പറ്റുന്നൊരു പരമ്പരയായിരിക്കും ‘സംരംഭക വർഷം : പൂട്ടിപ്പോയ സംരംഭങ്ങൾ’ എന്ന് പരിഹാസരൂപേണ അന്ന് പറഞ്ഞത് അക്ഷരംപ്രതി യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ഇന്നവർ.
മാസങ്ങളുടെ ഇടവേളയിൽ മനോരമ നടത്തിയ രണ്ട് പരമ്പരകൾ നോക്കൂ. ഒന്നാമത്തേത് 2023 ഫെബ്രുവരി മാസത്തിലാണ് ആരംഭിക്കുന്നത്. കേരളത്തിൽ ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളൊന്നും ആരംഭിക്കില്ലെന്ന് സ്ഥാപിക്കുന്നതിനായി കൊണ്ടുവന്ന ‘ലക്ഷണമൊത്ത കള്ളം’. 1,39,840 സംരംഭങ്ങൾ ആരംഭിച്ച സംരംഭക വർഷം പദ്ധതിയെ താറടിച്ചു കാണിക്കുന്നതിനായി അവതരിപ്പിച്ച പദ്ധതിയിൽ മനോരമക്ക് കൊണ്ടുവരാനായത് പത്തോളം സംരംഭങ്ങളെ മാത്രമായിരുന്നു. ഇങ്ങനെ കൊണ്ടുവന്ന സംരംഭങ്ങളെക്കുറിച്ചുള്ള മനോരമയുടെ സംശയങ്ങളെയെല്ലാം 2023 ഫെബ്രുവരി 21ന് നടത്തിയ പത്രസമ്മേളനത്തിൽ ദൂരീകരിച്ചിരുന്നതാണ്. മനോരമ മാധ്യമപ്രവർത്തകന് വേറൊരു ചോദ്യവുമില്ലെന്ന് ഉറപ്പും വരുത്തിയതാണ്. ഇതാ ഇന്ന് മനോരമ താഴുവീണ സംരംഭങ്ങൾ എന്നൊക്കെ പൊലിപ്പിച്ചുകൊണ്ട് പുതിയ കേരള വിരുദ്ധ, വികസന വിരുദ്ധ പരമ്പര ആരംഭിക്കുകയാണ്.
എത്ര സംരംഭങ്ങൾ പൂട്ടിയെന്നാണ് മനോരമ പറയുന്നത്? 18,700 സംരംഭങ്ങൾ. അത് സംരംഭക വർഷം പദ്ധതിയിലൂടെ ആരംഭിച്ച സംരംഭങ്ങളുടെ എത്ര ശതമാനമാണ്? ഏകദേശം 15%. പൂട്ടിപ്പോകുന്ന എം എസ് എം ഇകളുടെ ദേശീയ ശരാശരി എത്രയാണ്? 30%. അപ്പോൾ കേരളം അഭിമാനകരമായ നേട്ടം സൃഷ്ടിക്കുകയല്ലേ ചെയ്തിരിക്കുന്നത്? ‘അഭിമാനം കേരളം, കേന്ദ്രത്തിലെ അടച്ചുപൂട്ടൽ ശരാശരി 30% ഉള്ളപ്പോൾ കേരളത്തിൽ 15% മാത്രം’ എന്ന് മലയാളികൾ പറയുമ്പോൾ മനോരമ ചെയ്യുന്നതൊക്കെ എന്തൊരു നിന്ദ്യമായ പ്രവൃത്തിയാണ്. 30% പൂട്ടേണ്ടിയിരുന്ന സ്ഥാനത്ത് 15% മാത്രം നിർജ്ജീവമാകുമ്പോൾ അംഗീകരിച്ചില്ലെങ്കിലും വേട്ടയാടാതിരിക്കാനുള്ള സാമാന്യമര്യാദ കാണിച്ചുകൂടെ?.
ഞാൻ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്ന മറ്റൊരു കാര്യമാണ് നിർജ്ജീവമാകുന്ന സംരംഭങ്ങൾക് സർക്കാർ സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്നത്. ഇങ്ങനെ സർക്കാർ സഹായം ലഭ്യമാക്കിക്കൊണ്ട് പൂട്ടിപ്പോയേക്കുമായിരുന്ന 33 സ്ഥാപനങ്ങൾ ഇപ്പോഴും പ്രവർത്തിക്കാനുള്ള അവസരം കൂടി ഒരുക്കിയിട്ടുണ്ടെന്ന് മനോരമയെ അറിയിക്കുകയാണ്.
കേരളത്തിലേക്ക് സംരംഭങ്ങൾ ആരംഭിക്കാൻ ആരും വരില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി നൽകിയ വ്യാജവാർത്തകളൊന്നും ഇപ്പോൾ ആരും കേൾക്കുന്നില്ല. എം എസ് എം ഇകൾക്ക് പുറമെ അന്താരാഷ്ട്ര കമ്പനികളും കേരളം ലക്ഷ്യസ്ഥാനമായി കണ്ട് ഇങ്ങോട്ടുവന്നുകൊണ്ടിരിക്കുകയാണ്. 11,000 കോടിയുടെ നിക്ഷേപവാഗ്ദാനവുമായി കഴിഞ്ഞ രണ്ട് വർഷത്തിനിടെ ക്രേസ് ബിസ്കറ്റ്സ്, വെൻഷ്വർ, നെസ്റ്റോ, ടാറ്റ എലക്സി, ട്രൈസ്റ്റാർ, സഫ്രാൻ തുടങ്ങി 29 കമ്പനികൾ. ഇതിൽ നിരവധി കമ്പനികൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മനോരമ ന്യൂസ് നൽകുന്ന വികസന വിരുദ്ധ വാർത്തകൾ മലയാളം മാത്രമായതിനാൽ ഈ നിക്ഷേപങ്ങളൊന്നും നമുക്ക് നഷ്ടപ്പെടുന്നില്ലെന്ന് ആശ്വസിക്കാം.