പാലക്കാട് > രസകരമായ ശെലിയിലൂടെ മലയാളികളുടെ ഇഷ്ട യൂട്യൂബറായി മാറിയ ഫിറോസ് ചുട്ടിപ്പാറയ്ക്ക് ദുബായ് ഗോൾഡൻ വിസ. എലപ്പുള്ളി ചുട്ടിപ്പാറയിലെ ഗ്രാമത്തിൽനിന്നും വീഡിയോ ചെയ്യുന്ന ഫിറോസിന്റെ “വില്ലേജ് ഫുഡ് ചാനൽ’ എന്ന കുക്കിങ് ചാനലിന് 7.38 മില്യൺസബ്സ്ക്രൈബേഴ്സുണ്ട്.
അഞ്ച് വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം സുഹൃത്തിൻ്റെ പിന്തുണയോടെ തുടങ്ങിയ ചാനലിനു റീച്ച് വർദ്ധിച്ചത് വളരെപ്പെട്ടന്നായിരുന്നു. ഇതിന് കാരണം ഫിറോസിന്റെ പാലക്കാടൻ ശൈലിയിലെ സംസാരവും വ്യത്യസ്ത തരം പാചകവുമായിരുന്നു. ഫുൾജാർ സോഡയിൽ നിന്നും തുടങ്ങി, ജയിലർ ചിക്കൻ വരെ എത്തി നിൽക്കുന്ന ചാനലിൽ ഇരുനൂറോളം വീഡിയോകൾ നിലവിലുണ്ട്. ഭൂരിഭാഗം വീഡിയകൾക്കും ഒരു മില്യണിലധികം കാഴ്ചക്കാരുണ്ട്. ഇതിൽ തന്നെ ” കുച്ചി ഐസ് റസിപ്പിക്ക് 54 മില്യൺ വ്യൂവേഴ്സാണുള്ളത്.
ഇന്തോനേഷ്യ, തായ്ലന്റ്, യുഎഇ എന്നിവിടങ്ങളിൽ ചെന്ന് 100 കിലോ മുതല ഗ്രിൽ, പെരുമ്പാമ്പ് ഗ്രിൽ, ഒട്ടകത്തിൻ്റെ ഇറച്ചി കൊണ്ടുള്ള വിഭവങ്ങൾ തുടങ്ങി വ്യത്യസ്ത ഇനങ്ങളും ഉണ്ടാക്കി ശ്രദ്ധ നേടിയ ഫിറോസ് ചുട്ടിപ്പാറയുടെ ഔട്ട് ഡോർ പാചകത്തിന് കുട്ടികൾ മുതൽ മുതിർന്നവർ വരെ കാഴ്ചക്കാരാണ്. പാചക വിഡിയോയ്ക്ക് പുറമെ യാത്രാ വിവരണവും ചാനലിൽ ഉൾപ്പെടുത്താറുണ്ട്. മാസങ്ങൾക്ക് മുൻപാണ് ഗോൾഡൺ വിസക്ക് അപേക്ഷിച്ചത്. വിസ ലഭിച്ചത് തൻ്റെ പ്രേക്ഷകർ മൂലമാണെന്നും എല്ലാവർക്കും ഈ സന്തോഷത്തിൻ്റെ ക്രെഡിറ്റ് സമർപ്പിക്കുന്നതായും ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു.