തൃശൂര്‍> ശരീരത്തില്‍ അമ്പ് തുളച്ചുകയറി ഗുരുതരാവസ്ഥയിലായ പെരുമ്പാമ്പിന് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലാ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അമ്പ് പുറത്തെടുത്തത്.
പൂച്ചിന്നിപ്പാടം പെരുവനം ചിറയോട് ചേര്‍ന്ന വരാപ്പുഴ എസ്.സി. കോളനിക്ക് സമീപത്തെ പാടത്താണ് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ പാമ്പിനെ കണ്ടെത്തുന്നത്. വെറ്ററിനറി സര്‍വകലാശാലാ ജീവനക്കാരനും സ്നേക്ക് റെസ്ക്യൂവറുമായ ശരത് മാടക്കത്തറയാണ് പെരുമ്പാമ്പിനെ രക്ഷപ്പെടുത്തിയത്.
തുടര്‍ന്ന് വിദഗ് ധ ചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പാമ്പിന്റെ ശരീരത്തില്‍നിന്ന് അമ്പ് പുറത്തെടുത്തത്.മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന അമ്പ് ശരീരത്തില്‍ ആഴത്തില്‍ തുളച്ചുകയറിയ നിലയിലായിരുന്നു.
പാമ്പ് ഇര വിഴുങ്ങിയാല്‍ അത് തടസ്സപ്പെടുന്ന വിധമാണ് അമ്പ് തുളഞ്ഞുകയറിയത്. അണുബാധ വന്ന് പാമ്പ് ചാകാനും സാധ്യതയുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.