തിരുവനന്തപുരം
കേന്ദ്ര വിവേചനനയമാണ് കേരളത്തിൽ ധനപ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക്. 2023-ൽ സംസ്ഥാനത്തിന്റെ തനതുനികുതി വരുമാനം 22 ശതമാനം വർധിപ്പിച്ചു. സംസ്ഥാനങ്ങളിൽ മൂന്നാമത്തെ ഉയർന്ന വർധന. നികുതിയിതര വരുമാനം 45 ശതമാനം ഉയർന്നു. ഒന്നര ലക്ഷം കോടി രൂപയോളമാണ് സംസ്ഥാന ബജറ്റ്. തനതുനികുതി മുക്കാൽ ലക്ഷം കോടിയും. ചെറിയഭാഗം നികുതിയിതര വരുമാനമാണ്. കേന്ദ്ര ധനസഹായം അരലക്ഷം കോടിവരും. വായ്പ ഏതാണ്ട് കാൽലക്ഷം കോടിയും. ഇതിൽ കേന്ദ്ര ധനസഹായത്തിലാണ് വലിയ കുറവുണ്ടായത്.
ധനകമീഷൻ തീർപ്പിലെ നികുതിവിഹിതം ഏതാണ്ട് 13,000 കോടിയാണ്. അല്ലാതെയുള്ള കേന്ദ്ര ഗ്രാന്റുകൾ 2022-ൽ 30,000 കോടിയായിരുന്നു. 2023-ൽ 10 ശതമാനത്തോളം കുറഞ്ഞ് 27,000 കോടിയായി. 2022-ൽ 43,000 കോടിക്ക് വായ്പാനുവാദം ഉണ്ടായിരുന്നു. 2023-ൽ അത് 20,521 കോടിയായി. കേരളത്തിൽനിന്ന് കേന്ദ്രം പിരിക്കുന്ന നികുതിയുടെ 25 ശതമാനമാണ് മടക്കിക്കിട്ടുന്നത്. ഉത്തർപ്രദേശുപോലുള്ള സംസ്ഥാനങ്ങൾക്ക് 180 ശതമാനം നൽകുന്നു. കേന്ദ്ര ബജറ്റിന്റെ 30 ശതമാനംവരുന്ന പ്ലാൻ ഫണ്ടിന്റെ വലിയഭാഗം ആസൂത്രണ കമീഷന്റെ സൂത്രവാക്യം അനുസരിച്ച് എല്ലാ സംസ്ഥാനങ്ങൾക്കുമായി നൽകിയിരുന്നു. നിലവിൽ ആസൂത്രണ കമീഷനെ ഇല്ലാതാക്കി ഈ തുക തന്നിഷ്ടപ്രകാരം ചെലവഴിക്കുന്നു. ബിജെപി സംസ്ഥാനങ്ങൾക്ക് പതിനായിരക്കണക്കിനു കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കുന്നു. കേരളത്തിനായി ഒന്നുമുണ്ടായില്ല. കടലാക്രമണം തടയുന്നതിനും റബർ കൃഷിക്കാരെ സഹായിക്കാനുമെല്ലാം സഹായം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയിട്ടും പരിഗണിച്ചില്ല. ഇതെല്ലാം മറച്ചുവച്ചാണ് സംസ്ഥാന വരുമാനം പിരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് യുഡിഎഫും ബിജെപിയും പ്രചരിപ്പിക്കുന്നതെന്നും തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.