തിരുവനന്തപുരം
സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിലെ സിഎജി പരിശോധനയും റിപ്പോർട്ടിലെ നിരീക്ഷണങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. വിരലിലെണ്ണാവുന്ന തദ്ദേശ സ്ഥപാനങ്ങൾ തെരഞ്ഞുപിടിച്ച് പരിശോധന നടത്തിയെന്ന് വരുത്തി, പെൻഷൻ വിതരണത്തെയാകെ തകർക്കുന്ന പ്രചാരണത്തിന് അവസരമൊരുക്കിയ കേരള പ്രിൻസിപ്പൽ എജിയുടെ നടപടികളാകെ ദുരൂഹം. മറ്റൊരു സംസ്ഥാനത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും ഓഡിറ്റ് റിപ്പോർട്ടുകളിലില്ലാത്ത അസാധാരണ നടപടികളാണ് കേരളത്തിലുണ്ടായത്. ക്ഷേമ പെൻഷൻ വിതരണം ഇല്ലാതാക്കാനുതകുന്ന കാര്യങ്ങൾ റിപ്പോർട്ടിൽ ചേർത്തശേഷം വാർത്താ സമ്മേളനത്തിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ഓഡിറ്റും നിരീക്ഷണങ്ങളും അക്കൗണ്ടന്റ് ജനറലിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. നിരീക്ഷണങ്ങൾ നിയമസഭാ സമിതികളും വകുപ്പുകളും പരിശോധിച്ച് തുടർനടപടിയെടുക്കും. ഇവിടെ പ്രിൻസിപ്പൽ എജിതന്നെ റിപ്പോർട്ടിനെ സർക്കാരിനെതിരായ പ്രചാരണായുധമാക്കാൻ അത്യുത്സാഹം കാട്ടി. ആയിരത്തിലേറെ തദ്ദേശസ്ഥാപനങ്ങൾ സാമൂഹ്യസുരക്ഷാ പെൻഷൻ കൈകാര്യം ചെയ്യുന്നതിൽ ഓഡിറ്റ് പരിശോധന നടന്നത് 37 എണ്ണത്തിൽ മാത്രമാണെന്ന് എജി പറയുന്നു. ഇത് മറച്ചുവച്ച്, ആകെ കുഴപ്പമെന്ന് വരുത്തിത്തീർത്തു. 2017 ഏപ്രിൽമുതൽ 2022 മാർച്ചുവരെ 47,97,228 പേർക്ക് 29,623 കോടി രൂപ പെൻഷൻ നൽകി. നിലവിൽ സാമൂഹ്യസുരക്ഷാ പെൻഷൻകാർ 53 ലക്ഷമാണ്. ക്ഷേമ പെൻഷൻകാരും ചേരുമ്പോൾ 62 ലക്ഷം. ഇതിൽ 6,88,329 ലക്ഷം പേർക്കാണ് 300, 400 രൂപവീതം കേന്ദ്ര സഹായമുള്ളത്. സംസ്ഥാനം മുൻകൂർ നൽകിയ കേന്ദ്ര വിഹിതം ഇനിയും കുടിശ്ശികയെന്നതും എജി മറച്ചുവച്ചു.
കേന്ദ്ര സഹായത്തിൽ പെൻഷൻ നൽകി ക്രെഡിറ്റ് സംസ്ഥാനം തട്ടിയെടുക്കുന്നുവെന്ന വാദവുമായാണ് നേരിട്ട് പണം അക്കൗണ്ടുകളിലേക്ക് നൽകാൻ തുടങ്ങിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് തുടക്കം. എന്നിട്ടും 18 മാസംവരെ പെൻഷൻ കുടിശ്ശികയാക്കിയ സാഹചര്യത്തിൽ, തുടർന്നുവന്ന എൽഡിഎഫ് സർക്കാർ ആരംഭിച്ച വാതിൽപ്പടി പെൻഷൻ വിതരണത്തിൽ ഏഴുവർഷത്തിനിടയിൽ പരാതികളുണ്ടായില്ല. ശരിയായ പെൻഷൻ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഉത്തരവാദിത്വവും ബാധ്യതയും റിപ്പോർട്ടിൽ ഓർമപ്പെടുത്തി, അതും വാർത്താ സൃഷ്ടിക്ക് പ്രയോജനപ്പെടുത്തി.