വാഷിങ്ടൺ
അധികാരത്തിലെത്തിയാൽ അമേരിക്കയിൽ എച്ച്–-1ബി വിസാ സംവിധാനം നിർത്തലാക്കുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനായി രംഗത്തുള്ള ഇന്ത്യൻ വംശജനായ സംരംഭകന് വിവേക് രാമസ്വാമി. അത് കരാർ ചെയ്ത അടിമത്തമാണെന്നും വിവേക് ആരോപിച്ചു.
സൈദ്ധാന്തികമോ സാങ്കേതിക വൈദഗ്ധ്യമോ ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റേതര വിസയാണ് എച്ച്–-1ബി. ഇന്ത്യയില്‍ നിന്ന് വർഷവും ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് ഈ വിസയിലൂടെ അമേരിക്കയില്‍ ജോലിചെയ്യാനാകുന്നു. 2018 മുതൽ 2023 വരെ വിവേക് രാമസ്വാമി 29 തവണ സ്വന്തം കമ്പനിക്കുവേണ്ടി എച്ച്–-1ബി വിസ ഉപയോഗിച്ചിട്ടുണ്ട്.