കൊളംബോ> ഏഷ്യാകപ്പ് കിരീടപ്പോരിൽ ലങ്കയ്ക്ക് നാണംകെട്ട തോൽവി. ശ്രീലങ്ക ഉയർത്തിയ 51 റൺസ് ഇന്ത്യ 6.1 ഓവറിൽ മറികടന്നു. സ്കോർ: ശ്രീലങ്ക- 50/10 (15.2). ഇന്ത്യ. 51/0 (6.1).
ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 50 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. ഏഴോവറിൽ ആറ് വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് സിറാജാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. കളിയുടെ മൂന്നാം പന്തിൽ വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറയാണ് വിക്കറ്റ് നേട്ടത്തിന് തുടക്കമിട്ടത്. നാലാം ഓവറിൽ സിറാജ് ലങ്കയുടെ നാല് ബാറ്റർമാരെ കൂടാരം കയറ്റിയപ്പോൾ മത്സരം ഇന്ത്യക്ക് അനുകൂലമായി. ആറാം ഓവറിലും 11 ഓവറിലും സിറാജ് വീണ്ടും ഇന്ത്യയ്ക്കായി വിക്കറ്റ് നേട്ടം തുടർന്നു.
പതും നിസംഗ (4 പന്തിൽ 2), സധീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസിൽവ (2 പന്തിൽ 4), ക്യാപ്റ്റൻ ദസുൻ ശനക (0), കുശാൽ മെൻഡിസ് (34 പന്തിൽ 17) എന്നിവരാണ് സിറാജ് പുറത്താക്കിയത്. മൂന്ന് റൺസ് വിട്ടുകൊടുത്ത് ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് ഓവറിൽ വിജയം കൈവരിച്ചു. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ 19 പന്തിൽ 27 റൺസും ഇഷാൻ കിഷൻ 18 പന്തിൽ 23 റൺസും നേടി.