അഭിനയത്തോടാണ് ഏറെ പ്രിയം, എഴുത്തിന്റെ വഴിയിൽ തിളങ്ങുന്നതും അതേ ഇഷ്ടത്തിൽ. ഓണത്തിന് കേരളത്തിലെ തിയറ്ററുകളെ “അടിയുടെ ഇടിയുടെ’ പൂരപ്പറമ്പുകളാക്കിയ ആർഡിഎക്സിന്റെ (റോബർട്ട് ഡോണി സേവ്യർ) തിരക്കഥാ കൃത്തുക്കളിൽ ഒരാൾ, അതേ സിനിമയിലൂടെ ബിഗ് സ്ക്രീനിൽ ചിരി പടർത്തിയ ഗാംഗുലിയെന്ന കഥാപാത്രത്തിന് ജീവൻ നൽകിയ അഭിനേതാവ്. നാടൻ നായക്കുട്ടി താരമായ “നെയ്മർ’, ഇനിയും തിയറ്ററിൽ എത്താനുള്ള മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ച “കാതൽ ദ കോർ’ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത്, അഭിനേതാവ്. ആദർശ് സുകുമാരനെന്ന കോതമംഗലത്തുകാരൻ അങ്ങനെ സിനിമാ എഴുത്തിലും അഭിനയത്തിലും മുന്നേറുകയാണ്. ആദർശിന്റെ സിനിമാ സ്വപ്നങ്ങളും ഭാവിയും പങ്കുവയ്ക്കുന്നു:
ആർഡിഎക്സിന്റെ വിജയം
ആർഡിഎക്സിന്റെ ഉള്ളടക്കത്തിലും മെയ്ക്കിങ്ങിലും പൂർണവിശ്വാസം ഉണ്ടായിരുന്നു. ഫെസ്റ്റിവൽ സമയത്ത് സിനിമ റിലീസ് ചെയ്യുന്നതിനാൽ പ്രേക്ഷക ശ്രദ്ധ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതിനപ്പുറമാണ് സിനിമയ്ക്ക് കിട്ടിയ സ്നേഹം. കിങ് ഓഫ് കൊത്ത പോലെ മാസങ്ങളായി പ്രൊമോഷൻ നടത്തിയ സിനിമയ്ക്ക് ഒപ്പമായിരുന്നു ഓണക്കാലത്ത് ആർഡിഎക്സ് എന്നത് ചെറിയ ആശങ്കയുള്ളതായിരുന്നു. പക്ഷേ, നിർമാതാവായ സോഫിയ പോളിന്റെ പിന്തുണയിലാണ് അതിനെ മറകടക്കാനായത്. അതിന്റെ ക്രെഡിറ്റ് മുഴുവൻ നിർമാതാവിനാണ്.
അഭിനയം, എഴുത്ത്
അഭിനയത്തിലൂടെയാണ് സിനിമാ പ്രവേശം. ഒരിടത്തുമാത്രം ഒതുങ്ങിനിൽക്കാതെ എല്ലാ ടോണറിലുമുള്ള കഥാപാത്രങ്ങളും ചെയ്യണമെന്ന് ആഗ്രഹമുള്ള അഭിനയപ്രേമി തന്നെയാണ് ഞാൻ. എഴുത്ത് അതിനിടയിൽ സംഭവിച്ചതാണ്. അഭിനയിക്കുന്നതിനുവേണ്ടിയല്ല എഴുത്തുകാരനായത്. ആസ്വദിച്ചു ചെയ്യുന്ന ജോലിയാണ് തിരക്കഥാരചന. അഭിനയത്തിനും എഴുത്തിനും ഒരേ പ്രാധാന്യമാണ് കൊടുക്കുന്നത്. വരത്തൻ, ഹൃദയം തുടങ്ങിയ സിനിമകളിൽ ചെറിയ റോളുകൾ ചെയ്തിട്ടുണ്ട്. ആർഡിഎക്സിലെ കഥാപാത്രം ചെയ്തോട്ടെയെന്ന് സഹ എഴുത്തുകാരൻ ഷബാസിനോടും സംവിധായകൻ നഹാസിനോടും അങ്ങോട്ട് ചോദിക്കുകയായിരുന്നു. ചെയ്താൽ നന്നാകുമെന്ന് ആത്മവിശ്വാസം ഉള്ളതിനാലാണ് ഗാംഗുലിയാകാമെന്ന് ഉറപ്പിച്ചത്.
സ്വതന്ത്ര തിരക്കഥാകൃത്ത്
തീർച്ചയായും ആ സ്വപ്നമുണ്ട്. അതിന്റെയർഥം ഇനി സുഹൃത്തുക്കളുമായി ചേർന്ന് എഴുതില്ല എന്നുമല്ല. പോൾസണിനൊപ്പവും ഷബാസിനൊപ്പവും ഇനിയും സിനിമകൾ ഉണ്ടാകും. രാഷ്ട്രീയം പറയുന്ന സിനിമകളും ഫാമിലി കോമഡിയും കൊമേഴ്ഷ്യൽ സിനിമയുമൊക്കെ എന്റെ സ്വപ്നമാണ്. അതിനുള്ള ചെറിയ പരിപാടികളൊക്കെ തുടങ്ങിയിട്ടുമുണ്ട്.
മിമിക്രിയും മിനിസ്ക്രീനും
കലാകാരനെന്ന നിലയിലുള്ള എന്റെ വളർച്ചയിൽ മിമിക്രിക്ക് വലിയ പങ്കുണ്ട്. മിനിസ്ക്രീനിൽ നിരവധി പരിപാടികളുടെ ഭാഗമായിട്ടുണ്ട്. അതിലൂടെ ആളുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സാമ്പത്തികമായും സഹായിച്ചു. അതിനപ്പുറം സിനിമയിലേക്കുള്ള വരവിൽ അതിന് വലിയ പങ്കില്ല. കുട്ടിക്കാലം തൊട്ടുതന്നെ കുടുംബം എന്നെ പിന്തുണച്ചിട്ടേയുള്ളൂ. സിനിമയുടെ പിറകെയുള്ള ഓട്ടത്തിൽ അവരും കൂടെയുണ്ടായിരുന്നു. മിമിക്രി പഠിക്കാനും സംഗീതം പഠിക്കാനുമൊക്കെ എന്നെ കൊണ്ടുപോയിരുന്നത് അച്ഛനായിരുന്നു. അന്നൊക്കെ ഓണക്കാലത്തും ഉത്സവത്തിനുമൊക്കെയുള്ള കുടുംബസദസ്സുകളായിരുന്നു എന്റെ ആദ്യവേദി. അവിടെയാണ് മിമിക്രി അവതരിപ്പിച്ചു തുടങ്ങിയതും പാട്ട് പാടിയതുമൊക്കെ. അന്നൊക്കെ അച്ഛൻ അതൊക്കെ കാസറ്റിൽ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുമായിരുന്നു. ഇന്നും അതൊക്കെ വീട്ടിലുണ്ട്. സാധാരണ സിനിമാക്കാർക്ക് പറയാനുള്ളതുപോലെ ഒരു കഥ പറയാൻ എനിക്കില്ല.
കുടുംബം
എറണാകുളം കോതമംഗലമാണ് സ്വദേശം. അച്ഛൻ സുകുമാരൻ നാട്ടിൽത്തന്നെ ട്യൂഷൻ മാഷായി ജോലിനോക്കുന്നു. അമ്മ ആശ കോട്ടയം മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു. ഒരു സഹോദരിയുണ്ട്, ആതിര. കോതമംഗലം എംഎ കോളേജിൽ പഠിക്കുന്നു. മുന്നോട്ട് പഠിക്കണമെന്നു മാത്രമായിരുന്നു അവരുടെ ആവശ്യം. സിനിമയാണ് എന്റെ ജീവിതമെന്ന് മനസ്സിലാക്കി അവർ കൂടെനിന്നു. എങ്കിലും ചെറിയ ആശങ്കയൊക്കെ പങ്കുവയ്ക്കുമായിരുന്നു. ജോലിക്കൊപ്പം സിനിമ നോക്കിക്കൂടേയെന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ട്. കിട്ടിയ ജോലികളൊക്കെ വേണ്ടായെന്നുവച്ചാണ് സിനിമയെന്ന സ്വപ്നത്തിനായി ജീവിച്ചത്. ഒരു ഘട്ടത്തിൽ മറ്റു വഴിയില്ലാതെ ജോലിക്കുംപോയി. പക്ഷേ, ആത്യന്തികമായി എന്റെ സ്വപ്നവും ലക്ഷ്യവും സിനിമ തന്നെയായിരുന്നു.
“കാതൽ -ദ കോർ’
ആർഡിഎക്സിൽനിന്ന് വ്യത്യസ്തമായ ഒരു നല്ല കഥാപാത്രമാണ് കാതലിൽ ചെയ്തത്. നെയ്മറിൽ നസ്ലീന്റെ കഥാപാത്രത്തിന്റെ ചേട്ടനായി അഭിനയിച്ചിരുന്നു. ആ കഥാപാത്രത്തിന് സിനിമയിൽ ഒന്നും ചെയ്യാനില്ലായിരുന്നുവെന്നേ ഞാൻ പറയൂ. ആർഡിഎക്സിലേത് ഒരു മുഴുനീള കഥാപാത്രമായിരുന്നു. നല്ല അഭിപ്രായവും കിട്ടുന്നുണ്ട്. എന്നാൽ, അതുമായി ഒരു സാമ്യതയുമില്ലാത്തതാണ് കാതലിലെ കഥാപാത്രം. കാതലിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് ഞങ്ങൾ എല്ലാവരും. മമ്മൂക്ക തീരുമാനിച്ചാൽ അതിവേഗം അത് സംഭവിക്കുമെന്നാണ് പ്രതീക്ഷ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കാതൽ. നെയ്മറിന്റെ സഹ തിരക്കഥാ കൃത്ത് പോൾസൾ സ്കറിയയാണ് കാതലിന്റെ എഴുത്തിലും ഒപ്പമുള്ളത്.