തൃശൂർ> പുതുപ്പള്ളി വോട്ട് ചോർച്ചയുടെ പശ്ചാത്തലത്തിൽ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനം. തെരഞ്ഞെടുപ്പ് ചെലവിനായി എത്തിച്ച തുകയിൽ പകുതിയിൽ താഴെമാത്രമാണ് ചെലവഴിച്ചത്.
കാര്യമായ പ്രചാരണം നടന്നില്ല. ഉറപ്പുള്ള വോട്ടുകൾപോലും നഷ്ടപ്പെട്ടു. പ്രവർത്തനം ഏകോപിപ്പിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ഒരുവിഭാഗം ആഞ്ഞടിച്ചു. വോട്ട് ചോർച്ചയായിരുന്നു പ്രധാന അജൻഡയെങ്കിലും, വോട്ട് കുറഞ്ഞത് എങ്ങനെ എന്ന് വിശദീകരിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നവർപോലും തൃശൂർ യോഗത്തിൽ സുരേന്ദ്രനെ കൈവിട്ടു.
ഈ നിലയിൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ദയനീയമായിരിക്കുമെന്നാണ് കൃഷ്ണദാസ്-–- രമേശ് പക്ഷം പറഞ്ഞത്. മോദിയെ പ്രശംസിച്ചും, സംസ്ഥാന സർക്കാരിനെതിരെ വിമർശം ഉയർത്തിയും യോഗത്തിൽ പിടിച്ചുനിൽക്കാനുള്ള സുരേന്ദ്രന്റെ ശ്രമം പച്ചതൊട്ടില്ല. കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു.