അഗളി> അട്ടപ്പാടിയിലെ ഉൾമേഖലയിലെ ഊരായ താഴെ അബ്ബന്നുരിലേക്ക് വൈദ്യുതി എത്തിക്കുന്ന കമ്പിയിൽനിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. ഏതാണ്ട് 20 വയസുള്ള കൊമ്പനാനയാണ് ചരിഞ്ഞത്. പുതൂർ പഞ്ചായത്തിലെ താഴെ അബ്ബന്നൂർ ഗുണ്ടുകൽ ഊരിനുള്ളിലാണ് ആനയ്ക്ക് ഷോക്കേറ്റത്. ശനി പുലർച്ചെയായാവും അപകടമെന്ന് കരുതുന്നു.
രാവിലെയാണ് ഊരുവാസികൾ കാട്ടാനയുടെ ജഡം കണ്ടത്. വെള്ളിയാഴ്ച രാത്രി പ്രദേശത്ത് ഇറങ്ങിയ ആനക്കൂട്ടം കൃഷിയിടങ്ങളിൽ ഇറങ്ങി മടങ്ങി. ഈ കൊമ്പൻ മാത്രമാണ് ഊരിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതും ഷോക്കേറ്റതും. വൈദ്യുതി ലൈൻ താഴ്ന്നുകിടക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഞായറാഴ്ച പോസ്റ്റ്മോർട്ടം നടത്തും.