കോഴിക്കോട്> നിപാ വ്യാപനം തടയാൻ സർക്കാർ പഴുതുകളില്ലാത്ത പ്രതിരോധ പ്രവർത്തനം നടത്തുമ്പോൾ ‘പ്രതിരോധം പാളി’യെന്ന് വാർത്തയിലൂടെ അവയെ ദുർബലപ്പെടുത്താൻ മലയാള മനോരമയുടെ നീക്കം. കരുതൽ നടപടികളെ കേന്ദ്ര പ്രതിനിധിസംഘവും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടികളുടെയും യോഗവും പിന്തുണച്ചിരുന്നു. എന്നാൽ, പട്ടികയിലില്ലാത്ത ഒരാൾക്ക് നിപാ സ്ഥിരീകരിച്ചത് പാളിച്ചയെന്ന് സ്ഥാപിക്കാനാണ് മനോരമയുടെ ശ്രമം.
ആദ്യംമരിച്ച മുഹമ്മദലി ചികിത്സയിലിരിക്കെ മറ്റൊരാൾക്കൊപ്പം കൂട്ടിരിപ്പുകാരനായി എത്തിയതാണ് ആറാമതായി രോഗബാധിതനായ ചെറുവണ്ണൂർ സ്വദേശി. രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സമ്പർക്ക പട്ടിക കണ്ടെത്തൽ താരതമ്യേന എളുപ്പമാണ്. ഒട്ടേറെ കൂട്ടിരിപ്പുകാർ ഉണ്ടാകുമെന്നതിനാൽ അവരെ കണ്ടെത്തൽ സങ്കീർണമാണ്. നിപാ സ്ഥിരീകരിച്ചതിന്റെ പിറ്റേന്ന് (സെപ്തംബർ 13) രാത്രിതന്നെ മുഹമ്മദലിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ആഗസ്ത് 29ന് പുലർച്ചെ 2.30 മുതൽ 4.15 വരെ ഇഖ്റ ആശുപത്രി എമർജൻസി വിഭാഗത്തിലും 4.15ന് എംഐസിയുവിലും രോഗി ഉണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. ഈ സമയങ്ങളിൽ ഇവിടെ ഉണ്ടായിരുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ നിർദേശിച്ചിരുന്നു.
കൺട്രോൾ റൂമിൽ എൺപതോളം ആരോഗ്യ പ്രവർത്തകർ രാപകൽ അധ്വാനിച്ചാണ് ആയിരത്തിലേറെ പേരുടെ സമ്പർക്ക പട്ടികയുണ്ടാക്കിയത്. നിപാ സ്ഥിരീകരിച്ചശേഷം റിപ്പോർട്ട് ചെയ്ത രണ്ട് കേസിൽ ഒന്ന് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടയാളാണ്. മരിച്ച ആദ്യ രോഗിക്ക് നിപാ സ്ഥിരീകരിക്കാനുമായി. പട്ടിക തയ്യാറാക്കാൻ പൊലീസിന് വിവരം കൈമാറിയില്ലെന്ന നുണയും വാർത്തയിലുണ്ട്. വ്യാഴം മുതൽ കൺട്രോൾ റൂമിൽ എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനുണ്ട്. പ്രോട്ടോക്കോൾ പ്രകാരം നടത്തിയ സാമ്പിൾ പരിശോധനയെയും വാർത്ത സംശയനിഴലിലാക്കുന്നു. സ്രവം സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജ് മൈക്രോ ബയോളജി ലാബിൽ എത്തിക്കണമെന്ന് ചട്ടമില്ല. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ അപേക്ഷ മതി. കൺട്രോൾ സെല്ലിലെ ചുമതലയുള്ളയാൾ കൃത്യമായി നടപടിയെടുത്തതിനാലാണ് കാലതാമസമില്ലാതെ ഫലം കിട്ടിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ദേശീയ ആരോഗ്യ ദൗത്യം ഉദ്യോഗസ്ഥരും തമ്മിൽ ഭിന്നതയുണ്ടെന്ന പ്രചാരണത്തിനെതിരെയും ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തി.