കൊളംബോ> ഏഷ്യാകപ്പ് കിരീടപ്പോരാണെങ്കിലും ഇന്ത്യൻ ടീമിന്റെ മനസ്സുനിറയെ ഏകദിന ക്രിക്കറ്റ് ലോകകപ്പാണ്. ഏഷ്യാകപ്പുമായി ലോകകപ്പിലേക്കുള്ള മികച്ച തയ്യാറെടുപ്പാണ് രോഹിത് ശർമയുടെയും സംഘത്തിന്റെയും ലക്ഷ്യം. ആതിഥേയരായ ശ്രീലങ്കയാണ് ഇന്ന് എതിരാളി. ലങ്കയ്ക്കും ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഇറങ്ങണം. അതിന് സ്വന്തം തട്ടകത്തിൽ ഏഷ്യൻ കിരീടം അവർ ആഗ്രഹിക്കുന്നു. കൊളംബോയിൽ ഇന്ത്യൻ സമയം പകൽ മൂന്നിനാണ് കളി. മഴ കളി തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. കളി നടന്നില്ലെങ്കിൽ പകരംദിനമായ നാളെയായിരിക്കും ഫൈനൽ.
അവസാനമായി ഇന്ത്യ ഏഷ്യാകപ്പ് ചാമ്പ്യൻമാരായത് 2018ലാണ്. രോഹിതായിരുന്നു അന്ന് ക്യാപ്റ്റൻ. ശേഷം അഞ്ചുവർഷത്തിനിടെ ഒരു രാജ്യാന്തര ടൂർണമെന്റും ജയിച്ചിട്ടില്ല. 2019ലെ ഏകദിന ലോകകപ്പിലും 2022ലെ ട്വന്റി 20 ലോകകപ്പിലും സെമിയിൽ പുറത്തായി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടുതവണയും ഫൈനലിൽ തോറ്റു. രോഹിതിനും പരിശീലകൻ രാഹുൽ ദ്രാവിഡിനും ആ കുറവ് നികത്തണം. ഏഷ്യാകപ്പ് നേടിയാൽ ലോകകപ്പിന് തികഞ്ഞ ആത്മവിശ്വാസത്തോടെ ഇറങ്ങാനാകും.
സന്നാഹമത്സരം മാറ്റിനിർത്തിയാൽ ഈ ഫൈനൽ ഉൾപ്പെടെ നാല് മത്സരങ്ങൾമാത്രമാണ് ലോകകപ്പിനുമുമ്പ് ഇന്ത്യക്കുള്ളത്. ഓസ്ട്രേലിയയുമായുള്ള മൂന്നുമത്സര പരമ്പരയാണ് ഇനി. ബംഗ്ലാദേശിനെതിരെ സൂപ്പർഫോറിലെ അവസാന മത്സരത്തിൽ കളിച്ച ടീമിൽ മാറ്റങ്ങളുണ്ടാകും. പ്രധാന കളിക്കാരിൽ പലരും മാറിനിന്ന കളിയിൽ ആറ് റണ്ണിനായിരുന്നു ഇന്ത്യയുടെ തോൽവി.
വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ തിരിച്ചെത്തും. അതിനിടെ ഓൾ റൗണ്ടർ അക്സർ പട്ടേലിന് പരിക്കേറ്റത് തിരിച്ചടിയായി. ബൗളിങ്ങിൽ മികവുകാട്ടാനായില്ലെങ്കിലും ബാറ്റിങ് ദുഷ്കരമായ ഘട്ടങ്ങളിൽ അക്സറിന്റെ ബാറ്റിങ് പാടവം ഗുണമായിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ അവസാനംവരെ പൊരുതിയതാണ് ഇടംകൈയൻ. സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിന് പിന്തുണ നൽകിയ ഏക ബാറ്ററും അക്സറായിരുന്നു. പകരമെത്തിയ ഓഫ് സ്പിന്നർ വാഷിങ്ടൺ സുന്ദർ ഫൈനൽ കളിക്കാൻ സാധ്യതയുണ്ട്. സ്പിന്നർ കുൽദീപ് യാദവാണ് കൊളംബോയിൽ നിർണായകമാകുക.
മറുവശത്ത് മഹീഷ് തീക്ഷണയുടെ അഭാവം ലങ്കയുടെ ബൗളിങ് നിരയ്ക്ക് ആഘാതമാണ്. നിലവിലെ ചാമ്പ്യൻമാരാണ് ലങ്ക. ദുനിത് വെല്ലാലഗെയെന്ന ഇരുപതുകാരൻ ഓൾ റൗണ്ടർ ഇന്ത്യൻ മുൻനിര ബാറ്റർമാരെ സൂപ്പർഫോറിൽ വിറപ്പിച്ചതാണ്. കുശാൽ മെൻഡിസും സദീര സമരവിക്രമയുമാണ് ബാറ്റിങ് നിരയെ നയിക്കുക.
ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ലോകേഷ് രാഹുൽ, ഇഷാൻ കിഷൻ/തിലക് വർമ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ/വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ശ്രീലങ്കൻ ടീം: കുശാൽ പെരേര, പതും നിസ്സങ്ക, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദസുൺ ഷനക, ദുനിത് വെല്ലാലഗെ, ദുഷാൻ ഹേമന്ത, മതീഷ പതിരണ, കസുൺ രജിത.
മുഖാമുഖം 166
@ഇന്ത്യ 97 ജയം
@ശ്രീലങ്ക 57
@ഫലമില്ല 11
@സമനില 1