ന്യൂഡൽഹി> ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇരട്ടസ്വർണമാണ് ഇന്ത്യയുടെ ലക്ഷ്യം. പുരുഷന്മാർ 2014, 1998, 1966 വർഷങ്ങളിൽ ജേതാക്കളായി. വനിതകൾക്ക് 1982ൽമാത്രമാണ് സ്വർണനേട്ടം. കഴിഞ്ഞതവണ ജക്കാർത്തയിൽ പുരുഷടീമിന് വെങ്കലമാണ്. വനിതകൾ വെള്ളി സ്വന്തമാക്കി.
ഇക്കുറി എളുപ്പമല്ല കാര്യങ്ങൾ. സമീപകാലത്ത് യൂറോപ്പിൽ നടത്തിയ പര്യടനമാണ് ഇരുടീമുകളുടെയും ശക്തി. പുരുഷവിഭാഗത്തിൽ പാകിസ്ഥാൻ, ദക്ഷിണകൊറിയ, ജപ്പാൻ, മലേഷ്യ എന്നിവയാണ് പ്രധാന ടീമുകൾ. വനിതകളിൽ ദക്ഷിണകൊറിയയും ജപ്പാനും ചൈനയുമുണ്ട്.
പുരുഷവിഭാഗത്തിൽ ഇന്ത്യയുടെ ഗ്രൂപ്പ് ശക്തമാണ്. 24ന് ഉസ്ബെക്കിസ്ഥാനുമായാണ് ആദ്യകളി. തുടർന്ന് ജപ്പാനും സിംഗപ്പൂരുമുണ്ട്. 30ന് പാകിസ്ഥാനുമായി മുഖാമുഖം. ബംഗ്ലാദേശാണ് ഗ്രൂപ്പിലെ അവസാന എതിരാളി. മികച്ച രണ്ട് ടീമുകൾക്ക് സെമിയിലേക്ക് മുന്നേറാം. വനിതകളുടെ ഗ്രൂപ്പിൽ 27ന് സിംഗപ്പൂരുമായാണ് ആദ്യകളി. തുടർന്ന് മലേഷ്യയും ദക്ഷിണകൊറിയയും ഹോങ്കോങ്ങുമാണ് എതിരാളികൾ.
പ്രൊ ലീഗിന്റെ ഭാഗമായി ലോകത്തെ പ്രമുഖ ടീമുകളുമായി സമീപകാലത്ത് കളിച്ച പരിചയസമ്പത്താണ് പുരുഷ ടീമിന്റെ ശക്തി. പെനൽറ്റി കോർണർ ഗോളാക്കുന്നതിൽ ടീം ഏറെ പുരോഗതി നേടി. ഹർമൻപ്രീത് സിങ് നയിക്കുന്ന ടീമിൽ മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് മൂന്നാംഏഷ്യൻ ഗെയിംസിന് ഇറങ്ങുന്നു. 2014ൽ സ്വർണം നേടിയ ടീമിൽ അംഗമായിരുന്നു.
ലോക റാങ്കിങ്ങിൽ ഏഷ്യൻ ടീമുകളിൽ ഇന്ത്യ ഏറെ മുന്നിലാണ്. പുരുഷവിഭാഗത്തിൽ റാങ്ക് മൂന്നാണ്. വനിതകളിൽ ഏഴ്.
ഗോൾകീപ്പർ സവിത പുണിയ നയിക്കുന്ന വനിതാ ടീം നാലുപതിറ്റാണ്ടിനുശേഷം സ്വർണത്തിനായി കളത്തിലിറങ്ങും. രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഇന്ത്യൻ വനിതകൾ നേടിയിട്ടുണ്ട്.