കോട്ടയം > സോളാർ കേസിൽ കെ സി ജോസഫിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പത്തുവർഷം മുമ്പ് നടന്ന കാര്യങ്ങൾ ഇപ്പോൾ കുഴിതോണ്ടി പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും താൻ മിതത്വം പാലിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ജോപ്പൻ്റെ അറസ്റ്റ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി അറിയണമെന്നില്ല. അറസ്റ്റിന് ഉമ്മൻ ചാണ്ടിയോട് ചോദിക്കണമെന്ന് നിർബന്ധമില്ല. ഉമ്മൻചാണ്ടി മരിച്ചതിനുശേഷം എന്തിനാണ് ദല്ലാൾ നന്ദകുമാർ ഇപ്പോൾ കമ്മീഷന് മുമ്പിൽ പറയാത്ത കാര്യങ്ങൾ പറയുന്നതെന്നും തിരുവഞ്ചൂർ ചോദിച്ചു.
സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ ടെന്നി ജോപ്പന്റെ അറസ്റ്റ് ഉമ്മൻചാണ്ടി അറിഞ്ഞിരുന്നില്ല എന്ന് കെ സി ജോസഫിന്റെ വെളിപ്പെടുത്തലിൽ യുഡിഎഫിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഈ വിഷയത്തിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
സോളാർ കേസിൽ പുനരന്വേഷണം വേണോയെന്ന ചോദ്യത്തിന് അതിൽ നിയമപരമായ ചില പ്രശ്നങ്ങളുണ്ട് എന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മറുപടി. കേസ് അന്വേഷിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സിബിഐ ആണെന്നും കേസ് അന്വേഷിക്കണമെന്ന തങ്ങളുടെ കത്തിന് പ്രസക്തിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സോളാർ അന്വേഷണവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ മൂർച്ഛിക്കുകയാണ്.
ജോപ്പന്റെ അറസ്റ്റ് സംബന്ധിച്ചു വെളിപ്പെടുത്തലിലും, പുനരന്വേഷണം സംബന്ധിച്ചും രൂക്ഷമായ ഭിന്നതയും ആശയക്കുഴപ്പവുമാണ് യുഡിഎഫിൽ നിലനിൽക്കുന്നത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ജോപ്പന്റെ അറസ്റ്റ് ഉമ്മൻചാണ്ടി അറിഞ്ഞിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ എന്ന് വ്യക്തമാക്കുകയാണ് മുതിർന്ന നേതാക്കളുടെ വാക്കുകൾ. പുനരന്വേഷണത്തെ സംബന്ധിച്ചും കനത്ത ആശയക്കുഴപ്പമാണ് കോൺഗ്രസിൽ നിലനിൽക്കുന്നത്. സഭാ സമ്മേളനത്തിൽ യുഡിഎഫ് കൊണ്ടുവന്ന അടിയന്തിരപ്രമേയം സ്വയം തിരിച്ചടിയായതിന് പിന്നാലെയാണ് ഇവയെല്ലാം അരങ്ങേറുന്നത്.