തിരുവനന്തപുരം > ചില മതവിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് മാത്രം വായ്പകൾ അനുവദിക്കുന്നു എന്ന തരത്തിൽ വനിതാ വികസന കോർപറേഷനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് കോർപറേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ജനറൽ വിഭാഗത്തിലുൾപ്പെട്ടവർക്കും ഹിന്ദുക്കൾക്കും വിദ്യാഭ്യാസ തൊഴിൽ വായ്പകൾ നൽകുന്നില്ലെന്നും ചില മതവിഭാഗങ്ങൾക്ക് മാത്രമാണ് വായ്പകൾ നൽകുന്നതെന്നും ഹിന്ദുമതത്തിനെതിരെയുള്ള സർക്കാർ നീക്കമാണ് ഇതെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് വനിതാ വികസന കോർപറേഷൻ വ്യക്തമാക്കി.
സംസ്ഥാനസർക്കാരിന്റെ പൊതുവിഭാഗത്തിലെ വനിതകൾക്ക് വ്യക്തിഗത സ്വയം തൊഴിൽ വായ്പകൾ നൽകുന്ന പദ്ധതി കോർപറേഷനാണ് നടത്തുന്നതെന്നും ഇതിന് സർക്കാരിന്റെയും ഒപ്പം സ്ഥാപനത്തിന്റെയും ഫണ്ട് വിനിയോഗിക്കുന്നുണ്ടെന്ന് കോർപറേഷൻ വ്യക്തമാക്കി.
എൻബിസിഡിഎഫ്സി, എൻഎംഡിഎഫ്സി, എൻഎസ്എഫ്ഡിസി, എൻഎസ്ടിഎഫ്ഡിസി, എൻഎസ്കെഎഫ്ഡിസി തുടങ്ങിയ വിവിധ കേന്ദ്രധനകാര്യ കോർപറേഷനുകളുടെ സംസ്ഥാനത്തെ ചാനലൈസിംഗ് ഏജൻസിയായി കോർപറേഷൻ പ്രവർത്തിക്കുന്നതെന്ന് വനിതാ വികസന കോർപറേഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി. പ്രസ്തുത കോർപറേഷമുകളുടെ വ്യക്തിഗത സ്വയം തൊഴിൽ വായ്പ പദ്ധതികളും വിദ്യാഭ്യാസ വായ്പ പദ്ധതികളും കോർപറേഷനാണ് നടപ്പാക്കുന്നത്. ഇതിലേക്ക് സംസ്ഥാനസർക്കാരിന്റെയും സ്ഥാപനത്തിന്റെയും വിഹിതം കൂടി ചേർത്ത് കോർപറേഷനുകളുടെ മാർഗ നിർദേശമനുസരിച്ച് പിന്നാക്ക- ന്യൂനപക്ഷ-പട്ടികവിഭാഗ-ശുചീകരണ തൊഴിലാളി വിഭാഗങ്ങളിലെ വനിതകൾക്കാണ് നിലവിൽ വായ്പകൾ വിതരണം ചെയ്യുന്നതെന്ന് കോർപറേഷൻ വ്യക്തമാക്കി.
പൊതുവിഭാഗത്തിന് ഇത്തരത്തിൽ വായ്പകൾ നൽകുന്ന കേന്ദ്രധനകാര്യ കോർപറേഷനുകൾ നിലവിലില്ല. അതിനാൽ സംസ്ഥാനസർക്കാരിന്റെ പൊതുവിഭാഗ വനിതകൾക്കുള്ള വായ്പ പദ്ധതി സ്ഥാപനമാണ് നടത്തുന്നത്. 3 ലക്ഷം ആയിരുന്ന ഈ വായ്പാ പരിധി 5 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. സർക്കാരിന്റെയും കോർപറേഷന്റെയും ഫണ്ട് ഉപയോഗിച്ച് 2001 മുതൽ ഇതുവരെ 4551 പേർക്കായി 8453 ലക്ഷം രൂപയുടെ സ്വയം തൊഴിൽ വായ്പ അനുവദിച്ചിട്ടുള്ളതായും കോർപറേഷൻ വ്യക്തമാക്കി.
എന്നാൽ ചിലർക്ക് വായ്പ അനുവദിക്കുന്നില്ലെന്നുള്ള തരത്തിലുള്ള വർഗീയ പ്രചരണങ്ങളാണ് കോർപറേഷനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്. ഇവയെല്ലാം അടിസ്ഥാന രഹിതമാണെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കോർപറേഷൻ അറിയിച്ചു.