വാഗമൺ > രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ പ്രശസ്തമായ വാഗമൺ ഗ്ലാസ് ബ്രിഡ്ജിന്റെ എൻട്രി ഫീസ് കുറച്ചതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 250 രൂപയായാണ് പ്രവേശനഫീസ് കുറച്ചത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് കുറച്ചുദിവസം കൊണ്ടുതന്നെ ഏറെ ശ്രദ്ധേയമായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും നിളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജാണ് വാഗമണിലേത്. നിലവിൽ 500 രൂപയാണ് എൻട്രി ഫീസ്.
ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽമീഡിയയിലൂടെയും നിരവധി പേർ എൻട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. തുടർന്നാണ് പ്രവേശന ഫീസ് 500 രൂപയിൽ നിന്നും 250 രൂപയായി കുറക്കാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചത്.
സ്വകാര്യ സംരംഭകരുമായി ചേർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ചില്ലുപാലം ഒരുക്കിയത്. സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിൽ 120 അടി നീളത്തിൽ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടിയാണ് ചെലവ്. 35 ടൺ സ്റ്റീലാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15പേർക്ക് കയറാം. മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ കാണാനാകും. ആകാശ ഊഞ്ഞാൽ, സ്കൈ സൈക്ലിങ്, സ്കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിങ്, സിപ്ലൈൻ തുടങ്ങിയവയും സാഹസിക പാർക്കിലുണ്ട്.