തിരുവനന്തപുരം > ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജൂൺ – ജൂലൈ മാസത്തെ മുഴുവൻ തുകയും ഓഗസ്റ്റ് മാസത്തെ ഒരു വിഹിതവും ഇപ്പോൾ നൽകാനാകുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി 81 കോടി രൂപ (81,57,73,500) പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് അനുവദിച്ചുകൊണ്ട് ഇന്നലെ ഉത്തരവിറക്കുകയും തുക അക്കൗണ്ടിലേക്ക് റിലീസ് ചെയ്യുകയും ചെയ്തതായും മന്ത്രി പറഞ്ഞു.
കേന്ദ്രാവിഷ്കൃത പദ്ധതിയായി നടപ്പാക്കപ്പെടുന്ന ഉച്ചഭക്ഷണപദ്ധതിക്കായി കേന്ദ്രം സംസ്ഥാനത്തിനുള്ള വിഹിതം അനുവദിച്ചിരുന്നില്ല. കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള പദ്ധതി അടങ്കൽ തുക 447 കോടി രൂപയാണ്. പദ്ധതി നടത്തിപ്പിനായി ഈ വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം 284 കോടി രൂപയാണ്. ആദ്യ ഗഡു കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത് 170 കോടി രൂപയുമാണ്. എന്നാൽ ഈ തുക ഇതുവരെ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് ഉച്ചഭക്ഷണപദ്ധതിക്ക് മുടക്കം വരാതിരിക്കാനായാണ് സംസ്ഥാന സർക്കാരിന്റെ വിഹിതത്തിൽ നിന്നും തുക അടിയന്തിരമായി അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. ജൂൺ – ജൂലൈ മാസത്തെ മുഴുവൻ തുകയും ഓഗസ്റ്റ് മാസത്തെ ഒരു വിഹിതവും ഇപ്പോൾ നൽകുമെന്നും കേന്ദ്ര വിഹിതം ലഭിക്കുന്ന മുറയ്ക്ക് ബാക്കി തുക താമസിയാതെ തന്നെ വിതരണം ചെയ്യാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാചക തൊഴിലാളികളുടെ ഓണറേറിയം
തിരുവനന്തപുരം > പാചക തൊഴിലാളികൾക്ക് കേന്ദ്ര വിഹിതം അറുന്നൂറ് രൂപയും സംസ്ഥാന വിഹിതം നാന്നൂറ് രൂപയും അടക്കം മാസം ആയിരം രൂപയാണ് ഓണറേറിയമായി നൽകാൻ കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ സംസ്ഥാനം പ്രതിമാസം പാചക തൊഴിലാളികൾക്ക് നൽകുന്നത് പന്ത്രണ്ടായിരം മുതൽ പതിമൂവായിരത്തി അഞ്ഞൂറ് രൂപയാണെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
കേന്ദ്ര വിഹിതം ലഭിക്കാത്ത പശ്ചാത്തലത്തിൽ പ്രതിമാസ കേന്ദ്ര- സംസ്ഥാന വിഹിതമായ ആയിരം രൂപ മാറ്റി നിർത്തി ബാക്കിയുള്ള തുക ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഓണറേറിയമായി സംസ്ഥാന സർക്കാർ പാചക തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്. മൊത്തം പതിമൂവായിരത്തി അറുന്നൂറ്റി പതിനൊന്ന് തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭ്യമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.