തിരുവനന്തപുരം> ശ്രീ ശങ്കരാചാര്യ സംസ്കൃത സര്വ്വകലാശാലയുടെ പ്ലാന് ഫണ്ടില് ഉള്പ്പെടുത്തി പന്മന പ്രാദേശിക കേന്ദ്രത്തില് ഹോസ്റ്റല് കെട്ടിടം നിര്മ്മിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിയമസഭയിൽ ഡോ. സുജിത് വിജയന്പിള്ള എം.എല്.എ യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഹോസ്റ്റല് കെട്ടിടം നിര്മ്മിക്കുന്നതിനുള്ള പ്രൊപ്പോസല് ശ്രീ ശങ്കരാചാര്യ സംസ്കൃത സര്വ്വകലാശാലയുടെ പ്ലാന് ഫണ്ടില് ഉള്പ്പെടുത്തുന്നതിനായി സിന്ഡിക്കേറ്റിന്റെ പരിഗണനയ്ക്ക് സമര്പ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതായി സര്വ്വകലാശാല അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
പുതിയ കോഴ്സുകള്ക്കു വേണ്ടിയുള്ള പ്രൊപ്പോസലുകള് ശ്രീ ശങ്കരാചാര്യ സംസ്കൃത സര്വ്വകലാശാലയിൽ നിന്ന് സര്ക്കാരില് ലഭ്യമാക്കുന്ന മുറയ്ക്ക് പരിശോധിക്കുന്നതാണ്. ശ്രീശങ്കരാചാര്യ സംസ്കൃത സര്വ്വകലാശാലയില് പി.ജി. പ്രോഗ്രാമുകള്ക്ക് പ്രവേശനം നല്കുന്നത് ബിരുദത്തിന് ലഭിച്ച മാര്ക്കിന്റെ അടിസ്ഥാനത്തിലല്ലെന്നും എന്ട്രന്സ് പരീക്ഷയ്ക്ക് ലഭിച്ച മാര്ക്കിന്റെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു.
പി.ജി. പ്രോഗ്രാമുകള്ക്ക് ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കുകയും എന്ട്രന്സ് പരീക്ഷ എഴുതി വിജയിക്കുയും ചെയ്യുന്ന വിദ്യാര്ത്ഥികളില് നിന്നും മെറിറ്റ്, റിസര്വേഷന് എന്നിവയുടെ അടിസ്ഥാനത്തില് വിദ്യാര്ത്ഥികളുടെ ഓപ്ഷന്, ലഭ്യമായ സീറ്റുകള് എന്നിവ പരിഗണിച്ചാണ് അഡ്മിഷന് നല്കുന്നത്. അതിനാല് എന്ട്രന്സ് പരീക്ഷ എഴുതാത്ത വിദ്യാര്ത്ഥികള്ക്ക് പി.ജി. പ്രോഗ്രാമുകളില് പ്രവേശനം നല്കാന് നിലവിലുള്ള പ്രവേശന മാനദണ്ഡങ്ങള് അനുസരിച്ച് സാധ്യമല്ല. ഫൈന് ആര്ട്സ്, ഫിസിക്കല് എഡ്യൂക്കേഷന് എന്നിവ ഒഴികെയുള്ള പി.ജി. പ്രോഗ്രാമുകളിൽ ഏത് വിഷയത്തിലും ബിരുദ യോഗ്യതയുള്ള വിദ്യാര്ത്ഥികള്ക്ക് ചേരുവാന് സര്വ്വകലാശാല അവസരം നല്കുന്നുണ്ട്. – മന്ത്രി ഡോ ആർ ബിന്ദു വ്യക്തമാക്കി.