കോഴിക്കോട് > കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ്പ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ മുഴുവൻ ആരോഗ്യസംവിധാനങ്ങളും ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലയിൽ ആരോഗ്യ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നിപ്പ പ്രതിരോധത്തിന് എല്ലാവരുടേയും കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ നിപ്പ രോഗബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ ചട്ടം 300 അനുസരിച്ച് പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി.
പ്രസ്താവനയുടെ പൂർണരൂപം
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ മുഴുവൻ ആരോഗ്യസംവിധാനങ്ങളും ജാഗ്രതയിലാണ്. കോഴിക്കോട് ജില്ലയിൽ ആരോഗ്യ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂർ, വയനാട്, മലപ്പുറം തുടങ്ങിയ സമീപ ജില്ലകളിലും ജാഗ്രത പുലർത്തേണ്ടതാണ്. ഈ മാസം 11-ാം തീയതി രാവിലെയാണ് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിലെ അസ്വാഭാവിക പനിക്കേസുകൾ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ പെടുന്നത്. ആരോഗ്യവകുപ്പുമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഉടൻ തന്നെ സർവൈലൻസിനും പനിക്കേസുകളുടെ വിശദമായ വിവര ശേഖരണത്തിനും കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾക്കും, അവരുടെ അടുത്ത ബന്ധുവിനും കുട്ടിക്കുമാണ് പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്.
വിവര ശേഖരണത്തിൽ നിന്നും പനി ബാധിച്ച കുട്ടികളുടെ പിതാവ് ആഗസ്ത് മാസം 30-ാം തീയതി മരണപ്പെട്ടതായി കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ ആ വ്യക്തിയുടെ ചികിത്സാ വിവരങ്ങൾ ശേഖരിച്ചു. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിലുളളവരുടെ കേസ് സ്റ്റഡിക്കൊപ്പം പ്രാദേശിക വിവര ശേഖരണവും മെഡിക്കൽ സംഘം നടത്തി. വിവര ശേഖരണത്തിന്റേയും വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ നിപ സംശയിക്കപ്പെടുകയും അന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ ആശുപത്രിയിലുള്ളവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്ന് പ്രവർത്തനങ്ങൾ നിശ്ചയിച്ചു. നിപയുടെ സ്ഥിരീകരണ റിപ്പോർട്ട് വരുന്നതുവരെ ഈ കേസുകളെല്ലാം തന്നെ നിപ ആയി കരുതുകയും അതിനനുസരിച്ചുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്തു. മാത്രമല്ല, അന്ന് സമാന രോഗലക്ഷണങ്ങളുമായി ഒരു സ്വകാര്യ ആശുപത്രിയിൽ മരിച്ച രോഗിയുടെ സ്രവങ്ങൾ നിപ പരിശോധനയ്ക്കായി അയയ്ക്കാനും യോഗം തീരുമാനിച്ചു. പരിശോധനാ ഫലം ലഭ്യമാകുന്നതുവരെ നിപ്പ പ്രോട്ടോകോൾ പ്രകാരം മൃതശരീരം സൂക്ഷിക്കാനുളള നിർദ്ദേശവും ആരോഗ്യവകുപ്പ് നൽകുകയും ചെയ്തു. രാത്രി മെഡിക്കൽ കോളേജിലെ പരിശോധനാ ഫലം പോസറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സാമ്പിളുകൾ എൻഐവി പൂനെയിലേക്ക് അയച്ചു. 11-ാം തീയതി പകൽ തന്നെ ഈ കുടുംബം താമസിക്കുന്ന മരുതോങ്കര പഞ്ചായത്തിലെ വാർഡിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ സംഘം പനി സർവേ നടത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ആരോഗ്യമന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും 12-ാം തീയതി രാവിലെ തന്നെ കോഴിക്കോട് എത്തി. മന്ത്രിയുടെ അധ്യക്ഷതയിൽ ചീഫ് സെക്രട്ടറി (ഓൺലൈൻ), പ്രിൻസിപ്പൽ സെക്രട്ടറി (ഓൺലൈൻ), സ്റ്റേറ്റ് മിഷൻ ഡയറക്ടർ, എൻഎച്ച്എം (ഓൺലൈൻ), ജില്ലാ കളക്ടർ, ഡിഎച്ച്എസ്, ഡിഎംഇ, ഡിഎംഒ, എൻഎച്ച്എം ഡിപിഎം, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, സംസ്ഥാന മെഡിക്കൽ ബോർഡ് അംഗങ്ങൾ തുടങ്ങിയവരുടെ യോഗം രാവിലെ 10.30-ന് ചേർന്നു. പനി ബാധിച്ച് ചികിൽസയിൽ ഉള്ളവരുമായും മരിച്ച വ്യക്തിയുമായും അടുത്ത സമ്പർക്കം പുലർത്തിയ വ്യക്തികളുടെ പട്ടികയും പ്രാഥമിക വിവരങ്ങളും ഈ യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും നിപ്പ ആക്ഷൻ പ്ലാൻ പ്രകാരം 19 ടീമുകൾ ഉൾപ്പെട്ട നിപ്പ കോർ കമ്മറ്റി രൂപീകരിച്ചു. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നിപ്പ കൺട്രോൾ റൂം സജ്ജമാക്കി പ്രവർത്തനമാരംഭിച്ചു. കോൾ സെന്റർ സജ്ജമാക്കി. ആരോഗ്യവകുപ്പിന്റെ ‘ദിശ’ സേവനവും ഇതിലേക്ക് ബന്ധിപ്പിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസോലേഷൻ സൗകര്യവും ഐസിയു വെന്റിലേറ്റർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യവകുപ്പ് ഉറപ്പ് വരുത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും നാദാപുരം, കുറ്റ്യാടി എംഎൽഎമാരുടേയും നേതൃത്വത്തിൽ കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് 8 പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ആരോഗ്യ പ്രവർത്തകരുടേയും യോഗം വിളിച്ച് ചേർത്ത് തയ്യാറെടുപ്പുകൾ വിലയിരുത്തി.
വൈകിട്ട് ആരോഗ്യ മന്ത്രിയുടേയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തിൽ നാദാപുരം, കുറ്റ്യാടി എംഎൽഎമാരുടേയും ജില്ലാ കളക്ടറുടേയും ജില്ലാ പോലീസ് മേധാവികളുടേയും സാന്നിദ്ധ്യത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. 12-ാം തീയതി രാത്രി 9 മണിയോടെ എൻഐവി പൂനെയിൽ നിന്നും സാമ്പിളുകളുടെ ഔദ്യോഗിക സർട്ടിഫിക്കേഷൻ ലഭ്യമായി. 3 പേർക്ക് നിപ സ്ഥീരീകരിച്ചു. ഇതിൽ ഒരാൾ 30-ാം തീയതി മരിച്ച വ്യക്തിയുടെ 9 വയസ്സുള്ള മകനും മറ്റൊരാൾ ഭാര്യാ സഹോദരനുമാണ്. 11-ാം തീയതി മരണപ്പെട്ട ആളാണ് പോസറ്റീവായ മൂന്നാമത്തെ വ്യക്തി. ഇദ്ദേഹത്തിനും 30-ാം തീയതി മരണപ്പെട്ട വ്യക്തിയുമായി സമ്പർക്കമുണ്ടായിട്ടുണ്ട് എന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്.
13-ാം തീയതി ഒരു പോസറ്റീവ് കേസ് കൂടി സർട്ടിഫൈ ചെയ്തിട്ടുണ്ട്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തനകനാണ്.
ഇന്നലെ വൈകിട്ട് വരെ 706 ഓളം പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അവരിൽ 76 പേർ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. ഇതിൽ 72 പേരും രോഗികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. മറ്റ് 4 പേർ മരണാനന്തര കർമ്മങ്ങളിൽ നേരിട്ട് ബന്ധപ്പെട്ടവരാണ്. ഇതിൽ 157 പേർ ആരോഗ്യ പ്രവർത്തകരാണ്. രോഗ ലക്ഷണമുള്ള 35 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. 22 പേരുടെ പരിശോധനാഫലമാണ് വന്നിട്ടുള്ളത്. 4 പേരുടെ റിസൾട്ടാണ് ഇതിൽ പോസറ്റീവ് ആയിട്ടുള്ളത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇപ്പോൾ 14 പേരാണ് ഐസൊലേഷനിലുള്ളത്. നിപ രോഗപ്രതിരോധത്തിനും നിപ്പ രോഗ ചികിൽയ്ക്കുമായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. രോഗികളുടെ ട്രാൻസ്പോർട്ടേഷനായി ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമായ മരുന്നുകൾ, നിപ്പ പ്രതിരോധ സാമഗ്രികൾ തുടങ്ങിയവയുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 13-09-2023-ന് ചേർന്ന ഉന്നതതല യോഗം നിപ്പ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവരെ സഹായിക്കാനായി വോളന്റിയർ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചു. ആരോഗ്യവകുപ്പുമന്ത്രിയെ കൂടാതെ കോഴിക്കോട് ജില്ലയിലെ മന്ത്രിമാരും, തദ്ദേശ, റവന്യൂ വകുപ്പുമന്ത്രിമാരും ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടറും കോഴിക്കോട് ജില്ലാ കളക്ടറും ഉൾപ്പെടെ ഈ യോഗത്തിൽ പങ്കെടുത്തു.
വാർഡ് തിരിച്ച് പ്രാദേശികമായി സന്നദ്ധപ്രവർത്തകരുടെ ടീമിനെ സജ്ജീകരിക്കും. വളണ്ടിയർമാർക്ക് ബാഡ്ജ് ഉണ്ടാകും. പഞ്ചായത്ത് നിശ്ചയിക്കുന്നവരാകും വളണ്ടിയർമാർ ആകുന്നത്. പോലീസിന്റെ പ്രത്യേക ശ്രദ്ധയും ഈ പ്രവർത്തനങ്ങളിൽ ഉണ്ടാകും.
രോഗനിർണയത്തിനായി കോഴിക്കോടുള്ള മെഡിക്കൽ കോളേജ് മൈക്രോ ബയോളജി ലാബിലും തോന്നക്കലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ലാബിലും തുടർന്നും പരിശോധന നടത്തും. സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട് എന്നുള്ളതാണ് കണക്കാക്കപ്പെടുന്നത്.
നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം രൂപീകരിച്ചിട്ടുണ്ട്. പ്രാഥമിക, ദ്വിതീത സമ്പർക്ക പട്ടികയിലുള്ളവർക്ക് ഉണ്ടായേക്കാവുന്ന ടെൻഷൻ, ഉൽക്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും അവരുടെ ബന്ധുക്കൾക്ക് ഉണ്ടാകുന്ന ആശങ്കയും കണക്കിലെടുത്താണ് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായുളള സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട കുഞ്ഞുങ്ങൾക്ക് പ്രത്യേക മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്.
2018-ൽ കോഴിക്കോടും 2019-ൽ എറണാകുളത്തും 2021-ൽ വീണ്ടും കോഴിക്കോടും നിപ രോഗബാധ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സംസ്ഥാനത്ത് നിപ രോഗനിർണ്ണയത്തിനായി ലാബുകൾ സജ്ജമാണ്. തോന്നക്കലിലെ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിൽ നിപ വൈറസ് രോഗം നിർണ്ണയിക്കാൻ സാമ്പിൾ പരിശോധനാ സംവിധാനമുണ്ട്. 2021 സെപ്റ്റംബർ മാസം മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രത്യേകം സജ്ജീകരിച്ച ലാബിൽ നിപ്പ രോഗ നിർണ്ണയ പരിശോധന നടന്നുവരുന്നുണ്ട്. ഇതു രണ്ടും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ളതാണ്.
2018-ൽ സംസ്ഥാനത്ത് നിപ രോഗബാധ സംബന്ധിച്ച പ്രോട്ടോകോൾ പുറത്തിറക്കിയിരുന്നു. 2021 സെപ്റ്റംബറിൽ ഇത് പരിഷ്കരിച്ച് പുറത്തിറക്കി. നിപ്പ രോഗവുമായി ബന്ധപ്പെട്ട ചികിൽസ, മരുന്നുകൾ, ഐസോലേഷൻ, സാമ്പിൾ പരിശോധന തുടങ്ങിയ കാര്യങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുന്നത് ഈ പ്രോട്ടോകോൾ പ്രകാരമാണ്. പുതിയ ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ 2023-ൽ ചെറിയ ചില മാറ്റങ്ങളോടെ 2021-ലെ പ്രോട്ടോകോളും ആരോഗ്യവിദഗ്ധ സമിതി പരിഷ്കരിച്ചിട്ടുണ്ട്. 2022-ൽ ആരോഗ്യവകുപ്പ് വനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ വർക്ക്ഷോപ്പിൽ സുപ്രധാനങ്ങളായ പല പരിപാടികളും ആവിഷ്കരിക്കപ്പെട്ടിരുന്നു. വിദഗ്ധർ പങ്കെടുത്ത ഈ വർക്ക്ഷോപ്പിന്റെ അടിസ്ഥാനത്തിൽ നിപ രോഗ പ്രതിരോധത്തിനായി കലണ്ടർ രൂപീകരിക്കുകയും അതിൻ പ്രകാരം കർമ്മ പരിപാടികൾ നടത്തിപ്പോരുകയും ചെയ്യുന്നുണ്ട്. നിപ്പ ഔട്ട്ബ്രേക്ക് നിരീക്ഷിക്കാൻ സിഡിഎംഎസ് പോർട്ടൽ ഇ-ഹെൽത്ത് രൂപീകരിച്ചു. നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് വവ്വാലുകളിൽ നിന്ന വൈറസ് ബാധ ഉണ്ടാകാതിരിക്കാനുളള സാമൂഹിക ബോധവൽക്കരണ പരിപാടികൾ നടത്തി പോരുന്നുണ്ട്.
നിപ്പയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന സർക്കാർ ജാഗ്രതയോടുകൂടിയുളള നടപടികളാണ് സ്വീകരിച്ചു വരുന്നത്. നിപ്പ പ്രതിരോധത്തിന് എല്ലാവരുടേയും കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യമാണ്.
നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായി നാം ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതായിട്ടുണ്ട്
· നിപ രോഗബാധ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത് ശരീര സ്രവങ്ങളിലൂടെയാണ്.
· ഇതുവരെയുള്ള ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കൊറോണ പോലെയോ ഇൻഫ്ളുവൻസ പോലെയോ രോഗലക്ഷണങ്ങൾ ഇല്ലാത്ത ആൾക്കാരിൽ നിന്ന് മറ്റാൾക്കാരിലേക്ക് പകരുന്നതല്ല നിപ്പ. തീവ്രരോഗലക്ഷണങ്ങളുള്ള നിപ രോഗബാധിതരിൽ നിന്നു മാത്രമേ നിപ്പ മറ്റൊരാളിലേക്ക് നാളിതുവരെ പകർന്നിട്ടുള്ളൂ.
ഈ സാഹചര്യത്തിൽ അവലംബിക്കേണ്ട രോഗപ്രതിരോധ മുൻകരുതലുകൾ ഇവയെല്ലാമാണ്.
· നിപ സംശയിക്കുന്ന രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും കാഷ്വാലിറ്റി, ട്രയാജ്, ഐസൊലേഷൻ വാർഡ്, ഐസിയു തുടങ്ങിയിടങ്ങളിലെല്ലാം തന്നെ പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്സ് (PPE), എൻ 95 മാസ്ക് എന്നിവ ഉപയോഗിച്ചുകൊണ്ട് മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂ.
· സംസ്ഥാന സർക്കാരിന്റെ നിപ ചികിൽസാ പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ മുൻകരുതലുകളും പാലിക്കേണ്ടതാണ്.
· കോഴിക്കോട് ജില്ലയിൽ നിർബന്ധമായും പൊതുജനങ്ങൾ സർജിക്കൽ മാസ്ക് ധരിക്കേണ്ടതാണ്.
· പനി, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ
ഉണ്ടെങ്കിൽ ഉടൻതന്നെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
· കോഴിക്കോട് ജില്ലയിൽ റൂട്ട്മാപ്പ് ഉൾപ്പെട്ട സ്ഥലങ്ങളിൽ ആ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. കൺട്രോൾ റൂമിലേക്ക് വിളിച്ച് വിവരം അറിയിക്കുന്നതിനായി നമ്പറുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ ആശുപത്രി സന്ദർശനം ഒഴിവാക്കേണ്ടതാണ്.
· കേരളത്തിൽ നാളിതുവരെ വവ്വാലുകളിൽ നിന്നല്ലാതെ മറ്റു സസ്തനികളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലാത്തതിനാൽ നല്ലവണ്ണം വേവിച്ച ഇറച്ചി കഴിക്കുന്നതിന് തടസ്സവുമില്ല.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
1. മാസ്ക്, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ രോഗപ്രതിരോധത്തിന് സഹായിക്കും
2. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്.
3. രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ചികിത്സ തേടുക.
4. നിലത്ത് വീണ് കിടക്കുന്നതും, പക്ഷിമൃഗാദികൾ കടിച്ചതുമായ പഴങ്ങളോ, അടയ്ക്കയോ ഉപയോഗിക്കരുത്.
5. വവ്വാലുകൾ കാണപ്പെടുന്ന പ്രദേശങ്ങളിൽ തെങ്ങ്, പന എന്നിവയിൽ നിന്നും ലഭിക്കുന്ന തുറന്ന പാത്രങ്ങളിൽ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.
6. പഴങ്ങളും പച്ചക്കറികളും ഉപയോഗത്തിന് മുമ്പേ നന്നായി കഴുകുക.
7. കിണറുകൾ തുടങ്ങിയ ജല സ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം മൂത്രം മറ്റ് ശരീര സ്രവങ്ങൾ വിഴാതെ സുരക്ഷിതമായി സൂക്ഷിക്കുക.