മോസ്കോ
സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള റഷ്യയുടെ പോരാട്ടത്തിന് ഉത്തര കൊറിയയുടെ പൂർണ പിന്തുണ പ്രഖ്യാപിച്ച് ഭരണാധികാരി കിം ജോങ് ഉൻ. റഷ്യയിലെത്തി പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തവെയായിരുന്നു പ്രസ്താവന. സാമ്രാജ്യത്വത്തിനെതിരായ റഷ്യയുടെ പേരാട്ടങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും കിം പറഞ്ഞു.
കിഴക്കൻ സൈബീരിയയിലെ വോസ്തോച്നി കോസ്മോഡ്രോമിൽവച്ചായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. സീയൂസ് റോക്കറ്റ് വിക്ഷേപണത്തറ ഉൾപ്പെടെയുള്ള മേഖലകളും ഇരു നേതാക്കളും സന്ദർശിച്ചു. വിക്ഷേപണകേന്ദ്രത്തിലെ സന്ദർശനത്തിനുശേഷമായിരുന്നു ചർച്ച. അമേരിക്ക ഉൾപ്പെടെ പ്രചരിപ്പിച്ച ആയുധക്കച്ചവടത്തെപ്പറ്റി പരാമർശമുണ്ടായില്ല. കൃഷി ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കാനും തീരുമാനിച്ചു.
നാലുവർഷത്തിനുശേഷമാണ് കിം റഷ്യ സന്ദർശിക്കുന്നത്. കൂടുതൽ മേഖലകളിൽ സഹകരണവും പങ്കാളിത്തവും റഷ്യ ആഗ്രഹിക്കുന്നതായി പുടിൻ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടെയിലെ സൈനിക സഹകരണ സാധ്യതകൾ പരിശോധിക്കും.കിമ്മിന്റെ ബഹുമാനാർഥം ഔദ്യോഗിക വിരുന്നും നൽകി. സന്ദർശനത്തിനുശേഷം കിം മടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.