തിരുവനന്തപുരം
സോളാർ ലൈംഗികാരോപണക്കേസിലെ പരാതിക്കാരിയും കോൺഗ്രസ് നേതാക്കളും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി സിബിഐക്ക് മൊഴി. പരാതിക്കാരിയുടെ ഡ്രൈവറും കേസിലെ 25–-ാം സാക്ഷിയുമായ വിനുകുമാറിന്റെ മൊഴിയിലാണ് കോൺഗ്രസ് നേതാക്കളിൽനിന്ന് പണം വാങ്ങിയിരുന്നതായുള്ള സാക്ഷ്യപ്പെടുത്തൽ.
പരാതിക്കാരിക്ക് ബിസിനസുകൾ ഒന്നുമില്ലാതിരുന്ന ഘട്ടത്തിലാണ് വിനുകുമാർ അവരുടെ ഡ്രൈവറായി എത്തിയത്. ശരണ്യ മനോജ്, കോട്ടാത്തല പ്രദീപ് എന്നിവരായിരുന്നു അക്കാലത്ത് പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചിരുന്നത്. പരാതിക്കാരിയുടെ നിർദേശപ്രകാരം കോൺഗ്രസ് നേതാക്കളായ ബെന്നി ബെഹ്നാൻ, തമ്പാനൂർ രവി, നസറുള്ള എന്നിവരെ വിളിച്ചിരുന്നതായി വിനുകുമാറിന്റെ മൊഴിയിലുണ്ട്. സാമ്പത്തിക കാര്യങ്ങൾ സംസാരിക്കാനായിരുന്നു ഇതെല്ലാം. പല സ്ഥലത്തുനിന്നും രാഷ്ട്രീയ നേതാക്കളിൽനിന്നുമായി അവർ പണം ശേഖരിച്ചിരുന്നു. പരാതിക്കാരിയുടെ നിർദേശപ്രകാരം ഇക്കാര്യം താൻ മാധ്യമങ്ങളോടും പറഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടി കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മൊഴിയെടുക്കാൻ വിളിച്ചപ്പോൾ സാമ്പത്തിക ആവശ്യങ്ങൾക്കായി ഇവരിൽ പലരെയും വിളിച്ചിരുന്നെങ്കിലും അവഗണിക്കപ്പെട്ടു.
പരാതിക്കാരിയുടെ കത്ത് പിന്നീട് ദല്ലാൾ നന്ദകുമാർ ഏഷ്യാനെറ്റ് ന്യൂസിന് 50 ലക്ഷം രൂപയ്ക്ക് കൈമാറിയതായി ഇവർ തന്നോട് പറഞ്ഞിരുന്നു. ശരണ്യ മനോജിൽനിന്ന് കത്ത് വാങ്ങി ദല്ലാൾ നന്ദകുമാറിന് നൽകുമ്പോൾ താനും ആ ഇടപാടിന് ദൃക്സാക്ഷിയായിരുന്നു. 2022 ജനുവരിയിൽ താൻ പരാതിക്കാരിയുടെ ഡ്രൈവർ ജോലി ഉപേക്ഷിച്ചു. അക്കാലത്ത് പി സി ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിൽ പരാതിക്കാരിക്കൊപ്പം എത്തിയിരുന്നു. പി സി ജോർജ് നൽകിയ 10,000 രൂപയിൽനിന്ന് തനിക്ക് 1000 രൂപ നൽകിയിരുന്നതായും വിനുകുമാറിന്റെ മൊഴിയിലുണ്ട്.
പരാതിക്കാരിയുമായി അടുപ്പമുണ്ടായിരുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഡീഷണൽ പിഎ ജിക്കുമോൻ, പേഴ്സണൽ സ്റ്റാഫ് ടെന്നി ജോപ്പൻ എന്നിവരും മൊഴി നൽകിയിട്ടുണ്ട്. ഒരു ദിവസം വൈകിട്ട് പരാതിക്കാരി ക്ലിഫ് ഹൗസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ എത്തിയിരുന്നെന്നും അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടന്നില്ലെന്നും ടെന്നി ജോപ്പന്റെ മൊഴിയിലുണ്ട്.