തിരുവനന്തപുരം> രാജ്യത്തിന് അഭിമാനമായ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ അപഹസിച്ച് നിയമസഭയിൽ സംസാരിച്ച കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ഐൻടിയുസി നേതാവിന്റെ തുറന്ന കത്ത്. ഐഎൻടിയുസി ദേശീയ സെക്രട്ടറിയും കെൽട്രോൺ എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) വൈസ് പ്രസിഡന്റുമായ വി ജെ ജോസഫ് ആണ് കെൽട്രോണിന്റെ നേട്ടങ്ങൾ ഓർമിപ്പിച്ചും നിയമസഭയിൽ ഉന്നയിച്ച ആക്ഷേപം പിൻവലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടും തുറന്ന കത്തെഴുതിയത്.
അരനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ളതും കേരളത്തിൽ ഇലക്ട്രോണിക്സ് വ്യവസായ വിപ്ലവത്തിന് നേതൃത്വം കൊടുത്ത കെൽട്രോണിനെ തകർക്കും വിധം പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത് പ്രതിഷേധാർഹമാണ്. പാർലമെന്റിലെയും പ്രധാനമന്ത്രിയുടെ വസതിയിലെയും വിമാനത്താവളങ്ങളിലെയും സിസിടിവി സുരക്ഷാ സംവിധാനങ്ങൾ കെൽട്രോണിന്റെ കൈയിൽ സുരക്ഷിതമായിരുന്നു. രാജ്യത്തെ ആയുധപ്പുരകളുടെ സുരക്ഷിതത്വം കെൽട്രോൺ നിർമിത സുരക്ഷാ ഉപകരണങ്ങളാലാണ് ഭദ്രമായിരിക്കുന്നത്. ഇന്ത്യൻ നേവിയുടെ ശത്രുകപ്പലുകളെ തകർക്കാനുള്ള മൈൻ എന്ന യുദ്ധോപകരണം നിർമിക്കുന്നത് കെൽട്രോൺ ആണെന്നും അതിന്റെ ഉൽപ്പാദനവും ദൈനംദിന പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ ഇന്ത്യൻ നേവിയുടെ ഉദ്യോഗസ്ഥർ സ്ഥിരമായി കെൽട്രോണിലുണ്ട്.
ഡൽഹി ഉൾപ്പെടെയുള്ള മഹാനഗരങ്ങളിലെ ട്രാഫിക് സംവിധാനം കെൽട്രോണിന്റെ മികവാണ്. ചന്ദ്രയാൻ മൂന്നിൽ കെൽട്രോൺ തൊഴിലാളികളുടെ കരസ്പർശത്താൽ നിർമിച്ച ഉപകരണങ്ങൾ ഉണ്ടായിരുന്നു എന്ന് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. ഈ നേട്ടങ്ങളൊന്നും പറഞ്ഞാൽ തിരുവഞ്ചൂരിന് മനസിലാകില്ലെന്നും കാരണം അത് ശാസ്ത്രമാണെന്നും തുറന്ന കത്തിൽ വി ജെ ജൊസഫ് കുറ്റപ്പെടുത്തതുന്നു. 27 വർഷം എംഎൽഎയും ഏഴ് വർഷം മന്ത്രിയുമായ തിരുവനഞ്ചൂരിന് അധ്വാനത്തിന്റെ മഹത്വം അറിയില്ലെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കണ്ട് നേരിടാതെ ഒരു മഹത്തായ സ്ഥാപനത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാകരുതെന്നും സ്വന്തം പാർടിയുടെ നേതാവിനെ തുറന്ന കത്തിൽ വി ജെ ജോസഫ് ഓർമിപ്പിച്ചു.