തിരുവനന്തപുരം > ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ പ്രതിസന്ധിയുണ്ടാകുന്നത് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട തുക വൈകിപ്പിക്കുന്നതിനാലാണെന്ന് മന്ത്രി വി ശിവൻകുട്ടി. നിയമസഭയിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ ഉന്നയിച്ച ശ്രദ്ധക്ഷണിക്കൽ നോട്ടീസിനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.
കേന്ദ്രാവിഷ്കൃത പദ്ധതിയായി നടപ്പിലാക്കുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ അർഹതപ്പെട്ട വിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തുന്നത്. സാമ്പത്തിക വർഷത്തിന്റെ പകുതി അവസാനിക്കാറാകുമ്പോഴും ഭൂരിഭാഗം സംസ്ഥാനങ്ങൾക്കും ആദ്യ ഗഡു നൽകാൻ സർക്കാർ തയാറായിട്ടില്ല. അതിനാൽ പദ്ധതി നടത്തിപ്പിൽ പ്രതിസന്ധിയുണ്ടാകുന്നു. കേന്ദ്രവിഹിതം ലഭിക്കുന്നതിൽ വന്നിട്ടുള്ള കാലതാമസം കണക്കിലെടുത്ത് പദ്ധതിക്കുള്ള സംസ്ഥാന മാൻഡേറ്ററി വിഹിതത്തിൽ നിന്ന് 97.89 കോടി രൂപ റിലീസ് ചെയ്യുന്നതിനുള്ള സത്വര നടപടികൾ ഉടൻ സ്വാകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മറുപടിയുടെ പൂർണരൂപം
ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങൾ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും ( അരി) നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ, പദ്ധതിയിൽ പിഎഫ്എംഎസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തുന്നത്. കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചാലും അനാവശ്യമായ തടസ്സവാദങ്ങൾ ഉയർത്തി സംസ്ഥാനങ്ങൾക്ക് അർഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കിൽ നിഷേധിക്കുകയോ ചെയ്യുന്ന ദൗർഭാഗ്യകരമായ നിലപാടാണ് കേന്ദ്രസർക്കാർ അനുവർത്തിക്കുന്നത്. ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിയിൽ എത്തിച്ചിട്ടുണ്ട്. കേന്ദ്രവിഹിതം ലഭിക്കുന്നതിൽ വരുന്ന കാലതാമസം കാരണം സ്കൂളുകൾക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികൾക്ക് അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പദ്ധതിയ്ക്കുള്ള കേന്ദ്രവിഹിതമായി പതിനായിരം കോടി രൂപയ്ക്ക് മുകളിൽ തുക നടപ്പ് വർഷത്തെ കേന്ദ്രബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ, സാമ്പത്തിക വർഷത്തിന്റെ പകുതി അവസാനിക്കാറാകുമ്പോഴും, ഭൂരിഭാഗം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള ആദ്യ ഗഡു കേന്ദ്രവിഹിതം (60 ശതമാനം തുക) റിലീസ് ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി നടപ്പ് വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ആനുപാതിക സംസ്ഥാന വിഹിതമായ 163.15 കോടി രൂപയടക്കം കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള പദ്ധതി അടങ്കൽ തുക 447.46 കോടി രൂപയാണ്. 2022-23 വർഷം മുതൽ രണ്ട് ഗഡുക്കളായാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്. നിശ്ചയിക്കപ്പെട്ട കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം തുക ആദ്യ ഗഡുവായും ബാക്കിയുള്ള 40 ശതമാനം തുക രണ്ടാം ഗഡുവായും അനുവദിക്കുന്നു. ഇത് പ്രകാരം നടപ്പ് വർഷത്തെ ആദ്യ ഗഡു കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 170.59 കോടി രൂപയാണ്. ഇത് ലഭിച്ചാൽ ആനുപാതിക സംസ്ഥാന വിഹിതമായ 97.89 കോടി രൂപയുൾപ്പടെ 268.48 കോടി രൂപ താഴെത്തട്ടിലേക്ക് അനുവദിക്കുവാൻ സാധിക്കുന്നതും അതുവഴി നവംബർ വരെയുള്ള ചെലവുകൾക്ക് സ്കൂളുകൾക്കും മറ്റും പണം തടസമില്ലാതെ ലഭ്യമാകുകയും ചെയ്യും. മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളടക്കം ആദ്യ ഗഡു കേന്ദ്രവിഹിതമായ 170.59 കോടി രൂപയ്ക്കുള്ള വിശദമായ പ്രൊപ്പോസൽ ജൂലൈ 4 ന് കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, പ്രൊപ്പോസൽ സമർപ്പിച്ച് രണ്ട് മാസങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്തിന് അർഹമായ കേന്ദ്രവിഹിതം അനുവദിക്കുവാൻ കേന്ദ്രസർക്കാർ തയ്യറായിട്ടില്ല. മറിച്ച്, സംസ്ഥാനത്തിന്റെ പ്രൊപ്പോസലിൻമേൽ അനാവശ്യമായ തടസ്സവാദങ്ങൾ ഉന്നയിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിട്ടുള്ളത്.
2022-23 വർഷാവസാനം അനുവദിച്ച സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള 2021-22 വർഷത്തെ കുടിശ്ശിക കേന്ദ്രവിഹിതമായ 132.90 കോടി രൂപയും അതിന്റെ ആനുപാതിക സംസ്ഥാന വിഹിതവും (76.78 കോടി രൂപ) ചേർത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്തില്ല എന്ന വിചിത്ര വാദം മുന്നോട്ടുവച്ചാണ് ഇക്കൊല്ലത്തെ ഒന്നാം ഗഡു കേന്ദ്രവിഹിതമായ 170.59 കോടി രൂപ അനുവദിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തത്. 2021-22 വർഷത്തെ അർഹമായ രണ്ടാം ഗഡു കേന്ദ്രവിഹിതം ലഭിക്കാതെ വന്ന ഘട്ടത്തിൽ ടി തുക സംസ്ഥാനം ചെലവഴിക്കുകയും ആയതിന്റെ കണക്കുകളും ധനവിനിയോഗ പത്രങ്ങളും കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും അതൊക്കെ കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് 2022-23 വർഷത്തെ കേന്ദ്രവിഹിതം (292.54 കോടി രൂപ) പൂർണ്ണമായും സംസ്ഥാനത്തിന് ലഭിച്ചത്. ഈ സാഹചര്യത്തിൽ, 2022-23 വർഷം ലഭിച്ച 2021-22 വർഷത്തെ കുടിശ്ശിക കേന്ദ്രവിഹിതവും അതിന്റെ സംസ്ഥാനവിഹിതവും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്യണമെന്ന് പറയുന്നത് ഒരിക്കൽ നടത്തിയ ചെലവ് വീണ്ടുമൊരിക്കൽ കൂടി നടത്തണമെന്ന് ആവശ്യപ്പെടുന്നത് പോലെയാണ്.
തുക റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വരാവുന്ന അക്കൗണ്ടിംഗ് സംബന്ധമായ പ്രശ്നങ്ങളും അതിന്റെ അപ്രായോഗികതയും ചൂണ്ടിക്കാട്ടി ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, ഈ സാക്ഷ്യപത്രം അംഗീരിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ പദ്ധതി തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ട് പോകുന്നതിനും അതോടൊപ്പം സംസ്ഥാനത്തിന് അർഹമായ കേന്ദ്രവിഹിതം നഷ്ടപ്പെടാതിരിക്കുന്നതിനുമായി 2021-22 വർഷത്തെ കുടിശ്ശിക കേന്ദ്രവിഹിതമായി ലഭിച്ച 132.90 കോടി രൂപയും അതിന്റെ ആനുപാതിക സംസ്ഥാന വിഹിതവും ചേർത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് അടിയന്തിരമായി റിലീസ് ചെയ്യുവാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ഇതിനുള്ള ഉത്തരവ് 08.09.2023 ന് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രവിഹിതം എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള ഊർജ്ജിത ശ്രമങ്ങൾ വകുപ്പ് നടത്തുന്നതാണ്.
സംസ്ഥാനത്തിനർഹതപ്പെട്ട കേന്ദ്രവിഹിതം ലഭിക്കുന്നതിൽ വന്നിട്ടുള്ള കാലതാമസം കണക്കിലെടുത്ത് പദ്ധതിക്കുള്ള സംസ്ഥാന മാൻഡേറ്ററി വിഹിതത്തിൽ നിന്ന് 97.89 കോടി രൂപ റിലീസ് ചെയ്യുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കുന്നതാണ്. ഉച്ചഭക്ഷണ പദ്ധതിയുടെ ഫുഡ് ബാസ്ക്കറ്റിൽ ഉൾപ്പെടുന്ന ചില ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വന്നിട്ടുള്ള വർദ്ധനവ് കണക്കിലെടുക്കുമ്പോൾ പദ്ധതി നടത്തിപ്പിനായി സ്കൂളുകൾക്ക് അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന് കാണുന്നുണ്ട്. നിലവിൽ അനുവദിക്കുന്ന തുക വിനിയോഗിച്ച് കൊണ്ട് രണ്ട് മികച്ച കറികളോടെ ഉച്ചഭക്ഷണവും അതോടൊപ്പം പാൽ,മുട്ട/നേന്ത്രപ്പഴം നൽകുന്നതും തീർത്തും പ്രായോഗികമല്ല എന്ന് ചൂണ്ടിക്കാട്ടി തുക പരിഷ്കരിക്കണമെന്ന ആവശ്യം വിവിധ അദ്ധ്യാപക സംഘടനകളും സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റികളും ഉന്നയിച്ചിട്ടുണ്ട്.
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി സ്കൂളുകൾക്ക് അനുവദിക്കുന്ന തുക (സ്കൂൾ പ്രവൃത്തിദിനങ്ങൾ കണക്കാക്കി കുട്ടിയൊന്നിന് ഒരു ദിവസം ഇത്ര രൂപ എന്ന കണക്കിൽ അനുവദിക്കുന്നത്) പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം മുതലായവ വാങ്ങുന്നതിനും സപ്ലിമെന്ററി ന്യൂട്രീഷന്റെ ഭാഗമായി കുട്ടികൾക്ക് നൽകുന്ന പാൽ (ആഴ്ചയിൽ രണ്ടു ദിവസം), മുട്ട/നേന്ത്രപ്പഴം (ആഴ്ചയിൽ ഒരു ദിവസം) എന്നിവയുടെ ചെലവുകൾക്കുമാണ് സ്കൂളുകൾ വിനിയോഗിക്കുന്നത്. ടി നിരക്കുകൾ അവസാനമായി പരിഷ്കരിച്ചത് 2016 സെപ്റ്റംബറിലാണ് (05.09.2016 ലെ സ.ഉ(സാധാ) നം.2911/2016/പൊ.വി.വ പ്രകാരം). നിലവിലിരുന്ന നിരക്കായ കുട്ടിയൊന്നിന് ഒരു ദിവസം 5 രൂപ എന്നതിൽ നിന്ന്, ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 8 രൂപ, 7 രൂപ, 6 രൂപ എന്നീ മൂന്ന് സ്ലാബുകളിലായി ചുവടെ സൂചിപ്പിക്കുന്ന പ്രകാരമാണ് കുക്കിംഗ് കോസ്റ്റ് പരിഷ്കരിച്ചത്.
സ്ളാബ് I – 150 കുട്ടികൾ വരെ – കുട്ടിയൊന്നിന് പ്രതിദിനം 8 രൂപ
സ്ളാബ് II – 151 മുതൽ 500 കുട്ടികൾ വരെ – കുട്ടിയൊന്നിന് പ്രതിദിനം 7 രൂപ
സ്ളാബ് III – 500 ന് മുകളിൽ – കുട്ടിയൊന്നിന് പ്രതിദിനം 6 രൂപ
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി സ്കൂളുകൾക്ക് അനുവദിക്കുന്ന തുക (മെറ്റീരിയൽ കോസ്റ്റ്) കാലാനുസൃതമായി പരിഷ്ക്കരിക്കുവാൻ ശുപാർശ ചെയ്തുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. നിലവിലെ സ്ളാബ് സമ്പ്രദായം (6 രൂപ/7 രൂപ/8 രൂപ) ഒഴിവാക്കി പകരം കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുള്ള രീതിയിൽ പ്രൈമറി, അപ്പർ പ്രൈമറി എന്നിങ്ങനെ തിരിച്ച് മെറ്റീരിയൽ കോസ്റ്റ് അനുവദിക്കുന്നതിനും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗങ്ങൾക്ക് യഥാക്രമം 6 രൂപ, 8 രൂപ എന്നീ നിരക്കുകളിൽ (കേന്ദ്ര, സംസ്ഥാന വിഹിതങ്ങൾ ഉൾപ്പെടെ) ടി കോസ്റ്റ് നിശ്ചയിക്കുന്നതിനും കുട്ടികൾക്ക് പാൽ, മുട്ട/നേന്ത്രപ്പഴം നൽകുന്ന സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിക്ക് ഫണ്ട് പ്രത്യേകമായി അനുവദിക്കുന്നതിനും ശുപാർശ ചെയ്തുകൊണ്ടാണ് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നത്.
പിന്നീട്, മെറ്റീരിയൽ കോസ്റ്റിന്റെ കേന്ദ്ര, സംസ്ഥാന മാൻഡേറ്ററി നിരക്കുകൾ പരിഷ്ക്കരിച്ചുകൊണ്ട് 2022 ഒക്ടോബറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവായതിന്റെ അടിസ്ഥാനത്തിലും 2022 ഡിസംബർ 1 മുതൽ സംസ്ഥാനത്ത് പാൽ വിലയിൽ വന്നിട്ടുള്ള വർദ്ധനവ് കണക്കിലെടുത്തും, പുതുക്കിയ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചു. പ്രീ-പ്രൈമറി, പ്രൈമറി വിഭാഗങ്ങൾക്ക് 6 രൂപ, അപ്പർ പ്രൈമറി വിഭാഗത്തിന് 8.17 രൂപ എന്നീ നിരക്കുകളിൽ മെറ്റീരിയൽ കോസ്റ്റ് പരിഷ്ക്കരിക്കുന്നതിനും പാൽ, മുട്ട/നേന്ത്രപ്പഴം നൽകുന്ന പദ്ധതിയ്ക്ക് കുട്ടിയൊന്നിന് ആഴ്ചയിൽ 22 രൂപ നിരക്കിൽ പ്രത്യേകമായി ഫണ്ട് അനുവദിക്കുന്നതിനുമുള്ള ശുപാർശയാണ് പ്രസ്തുത പ്രൊപ്പോസൽ മുഖേന മുന്നോട്ടുവച്ചിട്ടുള്ളത്. ടി പ്രൊപ്പോസൽ സർക്കാരിന്റെ പരിഗണനയിലാണ്.