ബീജിങ്
ആഗോളതലത്തിൽ ഉയരുന്ന വെല്ലുവിളികൾക്കെതിരെയും സാമ്പത്തിക പുനരുജീവനത്തിനായും കൈകോർക്കുമെന്ന ജി20 പ്രഖ്യാപനം ആശാവഹമെന്ന് ചൈന. വികസ്വര രാഷ്ട്രങ്ങളുടെ താൽപ്പര്യം മുൻനിർത്തി ചൈന നടത്തിയ ഇടപെടലുകൾ ഫലപ്രാപ്തിയിലെത്തിയെന്ന് തെളിയിക്കുന്നതാണ് ജി20 പ്രസ്താവനയെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. ഉച്ചകോടിയിൽ ചൈനീസ് നിലപാടുകൾ ഉയർത്തിക്കാട്ടാൻ പ്രധാനമന്ത്രി ലി ചിയാങ്ങിന് കഴിഞ്ഞെന്നും അവർ പറഞ്ഞു. ആഫ്രിക്കൻ യൂണിയനെ ജി20 അംഗമാക്കാനുള്ള ഉച്ചകോടി തീരുമാനത്തെ ആഫ്രിക്കൻ രാഷ്ട്രനേതാക്കൾ സ്വാഗതം ചെയ്തു. തങ്ങളെക്കൂടി ഉൾപ്പെടുത്തിയത് ജി20യെയും ആഗോള തെക്ക് എന്ന ആശയത്തെയും കൂടുതൽ ശക്തമാക്കുമെന്നും അവർ പ്രതികരിച്ചു.