തിരുവനന്തപുരം
കുട്ടികളുടെ ഉച്ചഭക്ഷണത്തിലും കഞ്ഞിയിലുംവരെ കേന്ദ്ര സർക്കാർ മണ്ണുവാരിയിടുമ്പോൾ അതിനെ പിന്തുണയ്ക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നിയമസഭയിൽ ഉപധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സാമൂഹ്യക്ഷേമ പെൻഷൻ ആയാലും ഉച്ചഭക്ഷണമായാലും നെല്ലുസംഭരണമായാലും സംസ്ഥാനം മുൻകൂർ ചെലവാക്കുകയാണ്. എന്നിട്ടും സംസ്ഥാനത്തിന് അർഹമായ തുക നൽകാതെ ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രം. ഈ രാഷ്ട്രീയനീക്കത്തെ എതിർക്കാനും സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാനും ഒരുമിച്ച് നിൽക്കേണ്ടതിനുംപകരം കേന്ദ്രം ഭരിക്കുന്ന ബിജെപിയെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് നിതി അയോഗിന്റെയും അന്താരാഷ്ട്ര ധനകാര്യസ്ഥാപനമായ ഫിറ്റ്ചിന്റെയും റിപ്പോർട്ടുകളിൽ ഇക്കാര്യമുണ്ട്. കടബാധ്യത രണ്ടുവർഷംകൊണ്ട് 38 ശതമാനത്തിൽനിന്ന് 34 ശതമാനമായി കുറഞ്ഞു. തനത് നികുതി വരുമാനം 50 ശതമാനത്തിലേറെ വർധിച്ചു. എന്നിട്ടും സംസ്ഥാനത്തിനുള്ള ഗ്രാന്റും നികുതിവിഹിതവും കേന്ദ്രം വെട്ടിക്കുറച്ചു. വായ്പാ പരിധിയിൽ അനാവശ്യനിയന്ത്രണം കൊണ്ടുവന്നു. ഒരുശതമാനം അധികവായ്പയോ, പാക്കേജോ വേണമെന്ന ആവശ്യം നിരസിച്ചു. പൂർണമായും കേന്ദ്രസഹായത്തോടെയുള്ള 18 പദ്ധതികളുടെ വിഹിതം 60 ശതമാനമായി കുറച്ചു. നെല്ലുസംഭരണം, ഉച്ചഭക്ഷണവിതരണം, സാമൂഹ്യസുരക്ഷാ പെൻഷൻ തുടങ്ങി വിവിധ പദ്ധതികളിലായി 5506 കോടി രൂപയാണ് കുടിശ്ശികയാക്കിയത്.
കെഎസ്ആർടിസി നിലനിൽക്കുന്നത് എൽഡിഎഫ് സർക്കാരുള്ളതുകൊണ്ടാണ്. യുഡിഎഫ് ഭരണകാലത്ത് അഞ്ചുവർഷംകൊണ്ട് 1543 കോടിയുടെ സഹായമാണ് കെഎസ്ആർടിസിക്ക് നൽകിയത്. ഒന്നാം പിണറായി സർക്കാരാകട്ടെ, 4924 കോടി രൂപയാണ് നൽകിയത്. ഈ സർക്കാർ രണ്ടര വർഷത്തിനിടെ 4496 കോടി സഹായം നൽകിയെന്നും മന്ത്രി പറഞ്ഞു.