തിരുവനന്തപുരം
ഫയർമാൻ പരീക്ഷയും സംശയനിഴലിൽ ആയതോടെ തുടർനടപടികൾ വേണ്ടെന്ന് വച്ച് വിഎസ്എസ്സി. ഈമാസം നടത്താനിരുന്ന കായികക്ഷമതാ പരീക്ഷയാണ് തൽക്കാലത്തേക്ക് മാറ്റിവച്ചത്. ഇക്കാര്യം ഉദ്യോഗാർഥികളെ അറിയിച്ചു. വിഎസ്എസ്സി ടെക്നീഷ്യൻ പരീക്ഷയിൽ ക്രമക്കേട് നടത്തിയ ഹരിയാന സംഘം ഫയർമാൻ പരീക്ഷയിലുമുണ്ടാകാമെന്ന സംശയമുണ്ടെന്ന് അധികൃതർ പറഞ്ഞു. എഴുത്തുപരീക്ഷ പാസായ 408 പേരാണ് ചുരുക്കപ്പട്ടികയിൽ ഉള്ളത്. ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാൽപരീക്ഷ റദ്ദാക്കും. അതേസമയം ഹൈടെക് കോപ്പിയടി തടയാൻ പരീക്ഷാ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കാൻ വിഎസ്എസ്സിയും ആലോചന തുടങ്ങി.
ടെക്നീഷ്യൻ പരീക്ഷയുടെ ക്രമക്കേട് പൊലീസ് അന്വേഷിച്ചുവരികയാണ്. വിവിധ സംസ്ഥാനങ്ങളിലായി വിഎസ്എസ്സി നടത്തിയ ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ ഗ്രേഡ് ബി) പരീക്ഷയിലായിരുന്നു ക്രമക്കേട് നടത്തിയത്. തുടർന്ന് ഈ പരീക്ഷ റദ്ദാക്കി. പട്ടം സെന്റ് മേരീസ് സ്കൂളിലും കോട്ടൺഹിൽ സ്കൂളിലും പരീക്ഷ എഴുതിയ ഹരിയാനക്കാരാണ് പിടിയിലായത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിആർഡിഒ ( ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ) രണ്ട് ജീവനക്കാരെ ചോദ്യം ചെയ്യാൻ അന്വേഷകസംഘം കത്ത് നൽകി. നിലവിൽ ഒമ്പതുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരിൽ ഏതാനുംപേർ മുമ്പും വേറെചില പരീക്ഷാതട്ടിപ്പുകളിൽ പങ്കാളികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേകസംഘത്തെ ഹരിയാനയിലേക്ക് അയക്കുമെന്ന് കമീഷണർ സി നാഗരാജു, ഡിസിപി പി നിതിൻരാജ് എന്നിവർ അറിയിച്ചു.