തിരുവനന്തപുരം > കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മധ്യ, തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴക്ക് സാധ്യതയുള്ളത്. മലയോരമേഖലകളിൽ ജാഗ്രത മുന്നറിയിപ്പുണ്ട്.
മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി അടുത്ത 72 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടർന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് 7 ജില്ലകളിൽ കാലവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.