കൊച്ചി
രാജ്യത്തിന്റെ പേരുമാറ്റാൻ കേന്ദ്രം ഇറങ്ങിത്തിരിക്കുന്നത് ഭരണഘടന എന്തെന്ന് അറിയാത്തതുകൊണ്ടാണെന്ന് സാമൂഹ്യപ്രവർത്തക ടീസ്ത സെതൽവാദ്. ഭരണഘടനയുടെ അനുച്ഛേദം 1 (1)ൽ പറയുന്നത് ഇന്ത്യ അഥവാ ഭാരതം എന്നാണ്. രണ്ടുപേരുകളും സാധുവാണ്. ഒരു പേര് അസാധുവാക്കി മറ്റൊന്നിനെ ഉയർത്തിക്കാണിക്കുന്നത് ഭരണഘടനയെക്കുറിച്ച് ബോധ്യമില്ലാത്തതുകൊണ്ടാണെന്ന് കൊച്ചിയിൽ “ദേശാഭിമാനി’യോട് സംസാരിക്കവേ ടീസ്ത പറഞ്ഞു.
ആദ്യമായാണ് അജൻഡ വ്യക്തമാക്കാതെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം
ചേരുന്നത്. ലക്ഷ്യമെന്താകും
അധികാരത്തിലെത്തി ആദ്യദിവസംമുതൽ കേന്ദ്രസർക്കാർ പാർലമെന്ററി ജനാധിപത്യത്തെ തകർക്കുന്ന നടപടികളാണ് സ്വീകരിച്ചത്. പാർലമെന്റിൽ പാസാക്കുന്ന ബില്ലുകൾ പലതും മനുഷ്യാവകാശം ലംഘിക്കുന്നതാണ്. അവർ ഭരണഘടനയെ അവഗണിക്കുകയാണ്. ആർഎസ്എസ് ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങളിൽ വിശ്വസിക്കുന്നില്ല. മനുസ്മൃതി കൊണ്ടുവരണമെന്നാണ് അവർ പറഞ്ഞിട്ടുള്ളത്. പാർലമെന്റിനെ ഉപയോഗിച്ച് ഭരണഘടനയെ പടിപടിയായി തകർക്കാനാണ് ശ്രമം. ഭരണഘടനയിലധിഷ്ഠിതമായ ജനാധിപത്യമല്ല, തെരഞ്ഞെടുക്കപ്പെട്ട ആൾക്കൂട്ട ഭരണമാണ് നടക്കുന്നത്.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്ക് കേന്ദ്രം അതിവേഗം നീങ്ങുകയാണോ
സംസ്ഥാനങ്ങളുടെ അധികാരം പൂർണമായും കവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അർഹമായ കേന്ദ്രവിഹിതം കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല. അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും ബോധ്യമില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയെ പണംകൊണ്ട് നിയന്ത്രിക്കാനുള്ള നീക്കമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്.
ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള അതിക്രമങ്ങളെക്കുറിച്ച്
ന്യൂനപക്ഷങ്ങൾ സമാനതകളില്ലാത്ത ക്രൂരതകൾ നേരിടുകയാണ്. ഈയടുത്താണ് യുപിയിൽ മു-സ്ലിം ബാലനെ അധ്യാപിക സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ചത്. എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രമെന്ന് ജി 20യിൽ ഉദ്ഘോഷിക്കുമ്പോഴും മണിപ്പുരിലെ അതിക്രമങ്ങൾക്കെതിരായ കേസുകൾ റദ്ദാക്കപ്പെടുന്നു. പ്രശ്നബാധിത മേഖലകളിൽ ഇടപെടുന്നില്ല. ഹിന്ദുരാഷ്ട്രത്തിന്റെ വക്താക്കൾ ന്യൂനപക്ഷങ്ങളെ പരിഗണിക്കില്ല.
ഏക സിവിൽ കോഡ്
രാജ്യത്തെ എങ്ങനെയാകും
ബാധിക്കുക
ചർച്ചകളില്ലാതെയാണ് ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങുന്നത്. എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകൾക്കിടയിൽ വിഷയം ചർച്ച ചെയ്യേണ്ടതാണ്. എന്നാൽ മുസ്ലിം വ്യക്തിനിയമത്തിൽ മാത്രമാണ് ബിജെപി പ്രശ്നങ്ങൾ കാണുന്നത്.
കേരള സർക്കാരിനെക്കുറിച്ചുള്ള വിലയിരുത്തൽ
ജനങ്ങൾക്കൊപ്പമുള്ള പ്രവർത്തനങ്ങൾക്കാണ് കേരളം നേതൃത്വം നൽകുന്നത്. നൂതനാശയങ്ങൾ നടപ്പാക്കുന്നതിൽ മുന്നിലുണ്ട്. ആരോഗ്യമേഖല, കുടുംബശ്രീ പ്രവർത്തനങ്ങൾ എല്ലാം എടുത്തുപറയേണ്ടതാണ്. കേരളത്തിന്റെ മുന്നേറ്റം വലിയ പ്രതീക്ഷ നൽകുന്നു.