കോഴിക്കോട് > കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അനിൽ അക്കരെയുടെ ആക്ഷേപം അടിസ്ഥാന രഹിതമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു. രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണ് ഈ ആരോപണം. കരുവന്നൂരിലെ ഒരു പ്രതിയുമായും ബന്ധവുമില്ലെന്നും തെളിവുണ്ടെങ്കിൽ അനിൽ അക്കര പുറത്ത് വിടട്ടെ എന്നും ബിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തട്ടിപ്പിലെ പ്രതിയുമായി ഒരു ബന്ധവുമില്ല. ഫോണിലും വാട്സ് ആപ്പിലും പ്രതികളിൽ ആരുമായും ബന്ധപ്പെട്ടിട്ടില്ല. നട്ടാൽ കുരുക്കാത്ത നുണകളാണ് അനിൽ അക്കര പറയുന്നത്. തെളിവുകളുണ്ടെങ്കിൽ മാധ്യമങ്ങൾക്ക് നൽകാൻ അദ്ദേഹം തയ്യാറാകണം. വ്യക്തിഹത്യ നടത്താനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്.
പാർലമെന്റ് അംഗമായി പ്രവർത്തിച്ച ഘട്ടങ്ങളിൽ വടക്കഞ്ചേരിയിലും മുളങ്കുന്നത്തുകാവിലും വാടക വീടുകളിലാണ് താമസിച്ചിരുന്നത്. വീട്ടുടമസ്ഥർക്ക് അക്കൗണ്ടിൽ നിന്നാണ് വാടക കൈമറിയത്. അവരെല്ലാം ജീവിച്ചിരിപ്പുണ്ട്. എല്ലാ പണമിടപാടും നിയമാനുസൃതവും സുതാര്യവുമാണ്. തന്റെയും ഭാര്യയുടെയും പേരിൽ സ്വന്തമായി വീടില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് ശ്രമം.
2009ൽ ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർഥിയായതുമുതൽ അനിൽ അക്കരെ തനിക്കെതിരെ കള്ളപ്രചാരവേല നടത്തുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോടതിയിൽ വ്യാജ പരാതി നൽകിയതിനു പിന്നിലും അനിൽ അക്കരെയാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ല. താൻ ഏതെങ്കിലും വിധത്തിൽ അന്വേഷണത്തിൽ പങ്കാളിയായിട്ടില്ല. തട്ടിപ്പ് തടയുന്നതിൽ വീഴ്ചസംഭവിച്ചതായി കണ്ടെത്തിയതുകൊണ്ടാണ് ജില്ലാകമ്മിറ്റി പാർടി നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. അനിൽ അക്കരെയുടെ ആരോപണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.