കണ്ണൂർ > പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായി എന്ന പ്രചരണത്തിൽ വസ്തുതയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കുമെന്നും കൃത്യമായ വിശകലനം നടത്തുമെന്നും ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുപ്പള്ളിയിലെ യുഡിഎഫ് വിജയത്തിന്റെ അടിസ്ഥാനം പ്രധാനമായും സഹതാതതരംഗമാണ്. ഉമ്മൻ ചാണ്ടി മരണപ്പെട്ട് ഒരുമാസത്തിനുള്ളിൽ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഉമ്മൻചാണ്ടി എന്ന സഹതാപത്തെയും ദുഃഖകരമായ അവസ്ഥയെയും തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യം ഉപയോഗിച്ചാണ് യുഡിഎഫ് വോട്ടുനേടുന്നത്. ഒരു നിയമസഭാംഗം മരണപ്പെട്ട് അധികനാൾ ആവുന്നതിനു മുമ്പ് തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്. തെരഞ്ഞെടുപ്പ് വേഗത്തിലാക്കാൻ ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു. സഹതാപതരംഗം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ശ്രമം പുതുപ്പള്ളിയിൽ നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ തെരഞ്ഞെടുപ്പുകളുടെ സാഹചര്യത്തെ മാത്രം വെച്ച് ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്താൻ കഴിയില്ല. എൽ ഡി എഫ് പ്രതീക്ഷിക്കാത്ത വിജയമാണ് യുഡിഎഫിനുണ്ടായത്. എന്തുകൊണ്ട് അങ്ങനെയുണ്ടായി എന്ന് പരിശോധിക്കും. തെരഞ്ഞെടുപ്പ് വിലയിരുത്തലിൽ എല്ലാ വശങ്ങളും പരിശാധിക്കും.പാളിച്ചകൾ ഉണ്ടായെന്ന് കണ്ടെത്തിയാൽ തിരുത്തും. പരിശോധനയ്ക്ക് ശേഷം കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
ഭരണവിരുദ്ധ വികാരം എന്നുള്ള പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണ്. ഭരണവിരുദ്ധവികാരം ഉണ്ടാകേണ്ട സാഹചര്യം ഇപ്പോഴില്ല. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ ഫലപ്രദമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. തിരുവോണക്കാലത്ത് ആനുകൂല്യങ്ങളൊന്നും നൽകാൻ കഴിയില്ല എന്നാണ് മാധ്യമങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ എല്ലാവർക്കും ഓണം സമൃദ്ധമായി ആഘോഷിക്കാനുള്ള സാഹചര്യം സർക്കാരുണ്ടാക്കിയെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.