കോഴിക്കോട്
പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം രാഷ്ട്രീയ നേട്ടമാക്കാൻ കുതന്ത്രങ്ങളുമായി കോൺഗ്രസും മത സാമുദായിക സംഘടനകളും. അന്വേഷണം ശരിയായ രീതിയിൽ പുരോഗമിക്കുമ്പോഴാണ് മുതലെടുപ്പിനുള്ള നീക്കം. ഇരയായ ഹർഷിനയെ രാഷ്ട്രീയ ഉപകരണമാക്കാൻ ശനിയാഴ്ച കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടൊപ്പം മാധ്യമങ്ങളുടെ മുന്നിൽ എത്തിച്ചു. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെ വർഗീയ സംഘടനകളും ഒപ്പമുണ്ട്.
രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയും കേസിൽ പ്രതിചേർക്കുകയും ചെയ്തു. അറസ്റ്റും രേഖപ്പെടുത്തി. കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷകസംഘം. കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനം സർക്കാർ സ്വീകരിക്കില്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രസവ ശസ്ത്രക്രിയക്കിടയിലാണ് കത്രിക മറന്നുവച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയിട്ടും അന്വേഷണവുമായി മുന്നോട്ടുപോവുകയാണ് പൊലീസ് ചെയ്തത്.
ഡോക്ടർമാർക്ക് സംഭവിച്ച തെറ്റിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് ഹർഷിനയുടെ ആവശ്യം. രണ്ടുലക്ഷം രൂപ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും തുക കൈപ്പറ്റാൻ തയ്യാറായിട്ടില്ല. 50 ലക്ഷം രൂപ വേണമെന്നാണ് ആവശ്യം. മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിയ സമരം സെക്രട്ടറിയറ്റിന് മുന്നിലേക്ക് മാറ്റാനാരുങ്ങുകയാണ് അവർ. ഇതിനുപിന്നിലും കോൺഗ്രസ് നേതാക്കളാണ്.