സാവോപോളോ
ബ്രസീൽ ഫുട്ബോളിന് ഇനി നെയ്മർ മുദ്ര. ഇതിഹാസതാരം പെലെയുടെ ഗോളടി റെക്കോഡ് മറികടന്ന മുപ്പത്തൊന്നുകാരൻ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി. 125 കളിയിൽ 79 ഗോളായി നെയ്മർക്ക്. ലോകകപ്പ് യോഗ്യതാമത്സരത്തിൽ ബൊളീവിയക്കെതിരെ ഇരട്ടഗോളുമായാണ് തിളങ്ങിയത്. കളി ബ്രസീൽ 5–-1ന് ജയിച്ചു. ഗോളെണ്ണത്തിൽ വനിതാതാരം മാർത്തയുടെ പേരിലാണ് റെക്കോഡ്. 189 കളിയിൽ 122 ഗോളാണ് മാർത്ത ബ്രസീൽ വനിതാ ടീമിനായി നേടിയത്.
1957 മുതൽ 1971 വരെ ബ്രസീലിനായി കളിച്ച പെലെ 92 കളിയിൽ 77 ഗോളാണ് സ്വന്തമാക്കിയത്. ‘ഞാൻ ഒരിക്കലും ഈ റെക്കോഡ് കുറിക്കുമെന്ന് വിചാരിച്ചിട്ടില്ല. പെലെയെക്കാളോ ടീമിലെ മറ്റു താരങ്ങളെക്കാളോ മികച്ചവനുമല്ല ഞാൻ’–- മത്സരശേഷം നെയ്മർ പറഞ്ഞു. കഴിഞ്ഞവർഷം ഡിസംബറിലാണ് പെലെ വിടപറഞ്ഞത്.
ലാറ്റിനമേരിക്കൻ യോഗ്യതാറൗണ്ടിൽ മികച്ച ജയവുമായി ഒന്നാമതായി ബ്രസീൽ. ബൊളീവിയക്കെതിരെ നെയ്മർക്ക് മികച്ച തുടക്കമായിരുന്നില്ല. 20 മിനിറ്റ് തികയുംമുമ്പ് കിട്ടിയ പെനൽറ്റി പാഴാക്കി. പിന്നാലെ ഇരട്ടഗോളുമായി യുവതാരം റോഡ്രിഗോ കളംപിടിച്ചു. റഫീന്യ നേട്ടം മൂന്നാക്കി. നെയ്മറാണ് അവസരമൊരുക്കിയത്. 61––ാംമിനിറ്റിൽ പെലെയുടെ നേട്ടം മറികടന്ന ഈ മുന്നേറ്റക്കാരൻ പരിക്കുസമയത്ത് ജയം പൂർത്തിയാക്കി. ഇതിനിടെ വിക്ടർ അബെർഗോ ബൊളീവിയക്കായി ഒരെണ്ണം തിരിച്ചടിച്ചു.
ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട നെയ്മർ ഇപ്പോൾ സൗദി ക്ലബ് അൽ ഹിലാലിലാണ്. ബ്രസീലിനായി ഇതിനുമുമ്പ് കളിച്ചത് കഴിഞ്ഞ ലോകകപ്പ് ക്വാർട്ടറിൽ ക്രൊയേഷ്യക്കെതിരെയാണ്. രാജ്യാന്തര ഫുട്ബോളിൽ തുടരുന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ചായിരുന്നു ഖത്തറിൽനിന്നുള്ള മടക്കം. ഈ വർഷം നടന്ന ആദ്യ മൂന്നു കളിയിലും ഇറങ്ങിയില്ല. ചൊവ്വാഴ്ച പെറുവിനെതിരെയാണ് അടുത്തമത്സരം. മാഴ്സെലൊ ബിയേൽസയ്ക്കുകീഴിൽ ആദ്യ കളിക്ക് ഇറങ്ങിയ ഉറുഗ്വേ ചിലിയെ 3–-1ന് തകർത്തു.