കൊല്ലം
കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാവിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സംസ്ഥാന വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരെ നടത്തുന്ന അനീതികളിൽ സംഘടിതമായി രംഗത്തുവരണം. എല്ലാ മാസവും അഞ്ചിനു മുമ്പ് ശമ്പളം ഒറ്റത്തവണയായി നൽകണം, സേവന–- വേതന കരാറിൽ ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റ് നൽകുന്നതിലെ അപാകത പരിഹരിക്കണം, കെഎസ്ആർടിസി ജീവനക്കാർക്കും അഡോപ്ഷൻ ലീവ്, മെഡിസെപ് എന്നിവ അനുവദിക്കണം എന്നീ പ്രമേയങ്ങൾ കൺവൻഷൻ അംഗീകരിച്ചു.
സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. കൊല്ലം സിഐടിയു ഭവനിൽ നടന്ന കൺവൻഷനിൽ വനിതാ സബ് കമ്മിറ്റി ചെയർപേഴ്സൺ സുനിത കുര്യൻ അധ്യക്ഷയായി. ജനറൽ കൺവീനർ അശ്വതി റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി എസ് വിനോദ്, ട്രഷറർ പി ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിമാരായ ആർ ഹരിദാസ്, ഹണി ബാലചന്ദ്രൻ, സുജിത് സോമൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ശ്രീദേവി, ഓർഗനൈസിങ് സെക്രട്ടറി പി ശശികല എന്നിവർ സംസാരിച്ചു.