കണ്ണൂർ > ഗവ. ബ്രണ്ണൻ കോളേജിൽ സായ് ബ്രണ്ണൻ സിന്തറ്റിക് ട്രാക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരും സംയുക്തമായാണ് സിന്തറ്റിക് ട്രാക്ക് നിർമിച്ചത്. ബ്രണ്ണൻ കോളേജിലെയും സായിയിലെയും വിദ്യാർഥികളുടെ കായിക വികസനത്തിന് പുതിയ ട്രാക്ക് ഗുണകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സ്പോർട്സ് കോംപ്ളക്സിന് സർക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
7.35 ഏക്കറിൽ 9.09 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണച്ചുമതല. എട്ടുവരിയിലാണ് ട്രാക്ക്. ഹൈജമ്പ്, ലോങ് ജമ്പ്, ഡിസ്കസ് ത്രോ, ഷോട്ട് പുട്ട്, ജാവലിൻ ത്രോ, ഫുട്ബോൾ പരിശീലനവും സാധിക്കുന്ന തരത്തിലാണ് ട്രാക്ക് നിർമിച്ചത്.
കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ബിന്ദു മുഖ്യാതിഥിയായി. സായ് എൽഎൻസിപി പ്രിൻസിപ്പലും റീജണൽ ഹെഡുമായ ഡോ. ജി കിഷോർ, ഡോ. വി ശിവദാസൻ എം പി, കണ്ണൂർ സബ് കളക്ടർ സന്ദീപ് കുമാർ, കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അജിത, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കെ രവി , ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ, പി ബാലൻ, പി സീമ, ദിവ്യ ചെല്ലത്ത്, കോളേജ് പ്രിൻസിപ്പൽ ഡോ. സി ബാബുരാജ്, കോളേജ് യൂണിയൻ ചെയർമാൻ പി പി രജത് എന്നിവർ സംസാരിച്ചു.
ബ്രണ്ണൻ കോളേജ് അക്കാദമിക് ബ്ലോക്കും ലേഡീസ് ഹോസ്റ്റലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.