തിരുവനന്തപുരം> നിന്നുതിരിയാൻ ഇടമില്ലാത്തവിധം തിരക്കു വർധിച്ചതോടെ അൺറിസർവ്ഡ് എക്സ്പ്രസുകളിലും കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. പുനലൂർ –-കന്യാകുമാരി അൺറിസർവ്ഡ് എക്സ്പ്രസിലും നാഗർകോവിൽ–- കോട്ടയം പാസഞ്ചറിലുമാണ് മതിയായ കോച്ചുകൾ ഇല്ലാതെയുള്ള സർവീസ്.
11 കോച്ചുകളുള്ള പുനലൂർ –-കന്യാകുമാരി ട്രെയിനിന്റെ ഇരുവശത്തേക്കുമുള്ള യാത്രയിലും തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ തിങ്ങിനിറഞ്ഞാണ് യാത്രക്കാർ കയറുന്നത്. ഒക്ടോബർ ഒന്നുമുതൽ കന്യാകുമാരിയിൽനിന്ന് പുനലൂരിലേക്കുള്ള സർവീസിൽ സമയമാറ്റം ഉണ്ടാവുമെന്നിരിക്കെ കുറഞ്ഞത് മൂന്നു കോച്ചുകൾകൂടി കൂട്ടിച്ചേർക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
12 കോച്ചുകളുമായി നാഗർകോവിൽമുതൽ നിലമ്പൂർ റോഡ് വരെ വിവിധ സർവീസുകളുടെ റേക്ക് പങ്കിടുന്ന നാഗർകോവിൽ–- കോട്ടയം ട്രെയിനിന്റെ അവസ്ഥയും സമാനമാണ്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന സമയം പുനക്രമീകരിക്കാനിരിക്കെ ട്രെയിനിൽ രണ്ടു ജനറൽ കോച്ചുകൾ കൂട്ടണമെന്നാണ് ആവശ്യം.
സർവീസിൽനിന്ന് പിൻവലിച്ച ഗുരുവായൂർ–- പുനലൂർ ട്രെയിനിന്റെ 16 ജനറൽ കോച്ചുകൾ ഉൾപ്പെടുന്ന റേക് വെറുതെ കിടക്കുകയാണ്. ഇവ മറ്റു ട്രെയിനുകളിൽ ഘടിപ്പിക്കാവുന്നതേയുള്ളൂ.