കോഴിക്കോട്> ജില്ലയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മുഹമ്മദ് അട്ടൂരി(മാമിക്ക)ന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രത്യേകാന്വേഷണ സംഘം ഇതുവരെ 75 പേരെ ചോദ്യംചെയ്തു. ബാലുശേരി എരമംഗലം സ്വദേശിയായ ഇയാൾ വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാർട്മെന്റിലായിരുന്നു താമസം.
കഴിഞ്ഞ 21ന് വൈകിട്ട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് എതിർവശം സിഡി ടവർ കെട്ടിടത്തിലെ ഓഫീസിൽ എത്തിയശേഷം കാർ പാർക്കുചെയ്ത് കെട്ടിടത്തിൽതന്നെയുള്ള പള്ളിയിൽ നമസ്കരിച്ചശേഷം മറ്റൊരു കാറിൽ കയറി പോയതായാണ് സൂചന. രാത്രിയായതിനാൽ കയറിയ വാഹനം വ്യക്തമായി സിസി ടിവിയിൽ കാണാൻ കഴിയുന്നില്ല. പിന്നീട് അടുത്ത ദിവസം അത്തോളിക്കടുത്ത് പറമ്പത്തിന് സമീപം ഫോൺ പ്രവർത്തിച്ചതായി കാണിക്കുന്നുണ്ട്.
22ന് ഉച്ചയോടെയാണ് ഫോൺ പ്രവർത്തിക്കാതായത്. ഈ പ്രദേശത്ത് ഇയാൾ തങ്ങിയ വീട് പൊലീസിന് കണ്ടെത്താനായിട്ടില്ല. ഭാര്യ റംലത്തിന്റെ പരാതി പ്രകാരം നടക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അസി. കമീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിൽ നടക്കാവ് എസ്എച്ച്ഒ ജിജേഷ് ഉൾപ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.
റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവരും കുടുംബാംഗങ്ങളുമുൾപ്പെടെയുള്ള പലരെയും ചോദ്യംചെയ്തിട്ടുണ്ട്. വിദേശത്തുള്ളവരെയും പൊലീസ് സംഘം ചോദ്യംചെയ്തു. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ പൊലീസിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇയാളെ കണ്ടെത്താൻ കഴിയുമെന്നാണ് സൂചന.