റബറ്റ്> മൊറോക്കോയിലെ ഭൂചലനത്തില് മരിച്ചവരുടെ എണ്ണം ആയിരംകടന്നു.പരിക്കേറ്റവരുടെ എണ്ണം 1200 ആയി. പരിക്കേറ്റ് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില് കൂടുതല് പേര് രക്തദാനത്തിന് തയ്യാറാകണമെന്ന് ഡോക്ടര്മാര് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച അര്ധരാത്രിയാണ് റിക്ടര് സ്കെയിലില് 6.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
വിവിധ രാഷ്ട്രത്തലവന്മാര് മൊറോക്കോയുടെ ദുരന്തത്തില് ദുഃഖം രേഖപ്പെടുത്തി. രാഷ്ട്രങ്ങള് സഹായം വാഗ്ദാനം ചെയ്തു. ഭൂകമ്പത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില് പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മാക്രോണ്, സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസ് റഷ്യന് പ്രസിഡന്റ് വ്ളാദിമിര് പുതിന്, തുര്ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് യുക്രൈന് പ്രസിഡന്റ് വൊളോദിമിര് സെലെന്സ്കി, ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്, ഫ്രാന്സിസ് മാര്പാപ എന്നിവരും അഗാധദുഃഖം അറിയിച്ചു.
ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളില് സംഭരിച്ചിട്ടുള്ള ബാഗുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് രക്തം ദാനം ചെയ്യാന് കൂടുതല്പേര് മുന്നോട്ട് വരണമെന്ന് ഡോക്ടര്മാര് ആവശ്യപ്പെട്ടത്. ആരോഗ്യവിദഗ്ധരും ആശുപത്രികളിലെ വിവിധ വകുപ്പുകളും സജ്ജമാണെന്ന് മെഡിക്കല് സംഘം അറിയിച്ചു.
ജര്മന് ചാന്സലര് ഒലാഫ് സ്കോള്സ് എക്സ് പ്ലാറ്റ്ഫോമിലൂടെ അനുശോചനം രേഖപ്പെടുത്തി. മൊറോക്കോയ്ക്ക് സഹായവുമായി ഇസ്രയേലില് നിന്ന് വലിയൊരു സംഘത്തെ അയക്കുമെന്നാണ് റിപ്പോര്ട്ട്. യുകെയും സഹായദൗത്യത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.