റിയോ ഡി ജനീറോ > അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ താരമായി മാറി നെയ്മർ. ബ്രസീലിനായി ഏറ്റവുമധികം ഗോൾ നേടിയ താരം എന്ന ഇതിഹാസതാരം പെലെയുടെ റെക്കാർഡാണ് നെയ്മർ മറികടന്നത്.
ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയ്ക്കെതിരെ രണ്ട് ഗോളുകൾ നേടിയാണ് നെയ്മർ റെക്കോർഡ് തിരുത്തിയത്. 77 ഗോളുകളാണ് ദേശീയ ടീമിനായി പെലെ നേടിയിരുന്നത്. ഇരട്ടഗോളുകളോടെ നെയ്മറിന്റെ നേട്ടം 79 ആയി. ബൊളീവിയയ്ക്കെതിരെ 17ാം മിനിറ്റിൽ പെനാൽറ്റി പാഴാക്കിയ ശേഷമായിരുന്നു 61ാം മിനിറ്റിലും ഇൻജുറി ടൈമിലും നെയ്മർ ഗോൾ നേടിയത്. 124 മത്സരങ്ങളിൽ നിന്നാണ് നെയ്മറിന്റെ നേട്ടം. 62 ഗോളുകള്‍ നേടിയ റോണാള്‍ഡോയാണ് ഗോള്‍ നേട്ടത്തില്‍ മൂന്നാമത്.