തൃശൂർ
നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൻ (എൻഎഫ്ഐഡബ്ല്യു) കേരള ഘടകമായ കേരള മഹിളാ സംഘം സംസ്ഥാന സമ്മേളനം തൃശൂരിൽ ആരംഭിച്ചു. മൂന്നു ദിവസത്തെ പ്രതിനിധി സമ്മേളനം റീജണൽ തിയറ്ററിൽ ദേശീയ സെക്രട്ടറി നിഷ സിദ്ധു ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകൾ രാജ്യം മാതൃകയാക്കണമെന്ന് അവർ പറഞ്ഞു. രാജ്യത്തിനുതന്നെ മാതൃകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഭരണം. പ്രളയത്തിലും കോവിഡിലും സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനം ജനങ്ങൾ അനുഭവിച്ചറിഞ്ഞവരാണ്. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണ്. മോദി ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല. സ്വേച്ഛാധിപത്യപരമായ ഭരണമാണ് രാജ്യത്ത് നടക്കുന്നത്. മോദി സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടതിൽ വിറളി പൂണ്ടാണ് ഇന്ത്യ എന്ന പേരിനു പകരം ഭാരത് എന്നാക്കാൻ ശ്രമം നടത്തുന്നത്. ഭാരത് എന്നാക്കിയാൽ മോദി സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യയ്ക്കും ഡിജിറ്റൽ ഇന്ത്യ എന്ന പേരിലുള്ള പദ്ധതികൾക്കും എന്ത് സംഭവിക്കുമെന്ന് ബിജെപി വ്യക്തമാക്കണമെന്നും നിഷ സിദ്ധു പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തി. മഹിളാസംഘം സംസ്ഥാന പ്രസിഡന്റ്, മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. സ്വാഗതസംഘം ജനറൽ കൺവീനർ പി ബാലചന്ദ്രൻ എംഎൽഎ, ദേശീയ ജനറൽ സെക്രട്ടറി ആനി രാജ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, സെയ്ത് ഹമീദ്, സിപിഐ ദേശീയ കൗൺസിലംഗം കെ പി രാജേന്ദ്രൻ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, എൻഎഫ്ഐഡബ്ല്യു വൈസ് പ്രസിഡന്റ് കമല സദാനന്ദൻ എന്നിവർ സംസാരിച്ചു. കലാസന്ധ്യ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ‘പാപത്തറ’ ഏകപാത്ര നാടകവും അവതരിപ്പിച്ചു. ശനി വൈകിട്ട് അഞ്ചിന് തെക്കേഗോപുര നടയിൽ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ടീസ്ത സെതൽവാദ് ഉദ്ഘാടനം ചെയ്യും. സമ്മേളനം ഞായറാഴ്ച സമാപിക്കും.